പാഴ്വസ്തുക്കളിൽ വിസ്മയം തീർത്ത് മാർട്ടിൻ
text_fieldsമാർട്ടിൻ നഥാൻ നിർമിച്ച വാഹനങ്ങളുടെ മിനിയേച്ചറുകൾ
മാനന്തവാടി: പാഴ് വസ്തുക്കളിൽനിന്ന് വാഹനങ്ങളുടെ മിനിയേച്ചറുകൾ നിർമിച്ച് മാനന്തവാടി എം.ജി.എം സ്കൂൾ എഴാം ക്ലാസ് വിദ്യാർഥി മാർട്ടിൻ നഥാൻ (12) ശ്രദ്ധേയനാകുന്നു. ഒമ്പതാം വയസ്സിൽ കടലാസുകൊണ്ട് ജീപ്പ് നിർമിച്ചായിരുന്നു തുടക്കം. പിന്നീട് ഇതൊരു ഹരമായി.
വാതിലുകളെല്ലാം അടക്കാനും തുറക്കാനും കഴിയുന്ന ലൈറ്റുകൾ സജ്ജീകരിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ബസ്, വിവിധ വർണത്തിലുള്ള ടൂറിസ്റ്റ് ബസ്, ഇരിപ്പിടം, ചാർജിങ്, കലണ്ടർ, ടൂൾസ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്ന കാർ ഗ്യാരേജ്, ട്രക്ക്, ജീപ്പ് എന്നിവയുടെയെല്ലാം ചെറുമാതൃകകൾ തീർത്തു. പാഴ് വസ്തുക്കളായ ഫോം ഷീറ്റ്, പ്ലാസ്റ്റിക് പേപ്പർ, കുപ്പികളുടെ മൂടി, ട്രാൻസ്പരന്റ് ഷീറ്റ്, പത്രക്കടലാസുകൾ, കാർഡ് ബോർഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ വർഷത്തെ ശാസ്ത്രോത്സവത്തിൽ മെറ്റൽ എൻഗ്രേവ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. നിരവധി ചിത്രങ്ങൾ വരച്ചിട്ടുള്ള മാർട്ടിൻ നഥാൻ കളരിയും അഭ്യസിക്കുന്നുണ്ട്. മുൻ നഗരസഭ കൗൺസിലർ ഷീജയുടെയും ഫ്രാൻസിസിന്റെയും മകനാണ്. സഹോദരിമാരായ സോനയും ഡോണയും പ്രോത്സാഹനവുമായി കൂടെയുണ്ട്.


