തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്; പൊലീസ് അന്വേഷണം ഇഴയുന്നു
text_fieldsതൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്
മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പിൽ പൊലീസ് അന്വേഷണം ഇഴയുന്നു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ തൊഴിലുറപ്പിലെ താൽക്കാലിക ജീവനക്കാരായ അസി. എൻജിനിയർ ജോജോ ജോണി, അക്കൗണ്ടൻറ് വി.സി. നിഥിൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ അറസ്റ്റിലായ മിഥുൻ റിമാൻഡിൽ കഴിയുകയാണ്. വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്ന ജോജോക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനോ തട്ടിപ്പിൽ പങ്കുണ്ടെന്ന് കരുതുന്ന മറ്റ് ജീവനക്കാരെയും കരാറുകാരെയും ചോദ്യംചെയ്യാൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പ. കെ.ജി. പ്രവീൺ കുമാറിന്റെ മേൽനോട്ടത്തിൽ പത്തംഗ സംഘമാണ് കേസന്വേഷിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി യു.ഡി.എഫും ബി.ജെ.പി.യും രംഗത്തുവന്നിരുന്നു. ഇവരുടെ പങ്ക് അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നാണ് ഇരു പാർട്ടികളുടെ പ്രധാന പരാതി. വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
തൊഴിലുറപ്പ് ജില്ല പ്രോഗ്രാം കോ ഓഡിനേറ്ററുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. ഈ മാസം 24ാം തീയതിയാണ് അവസാനിക്കുക. അഞ്ചു വർഷത്തെ കണക്കുകളാണ് സംഘം പരിശോധിക്കുന്നത്. ഇതിനോടകം ഏഴ് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന.