തിരുനെല്ലി ആശ്രമം സ്കൂൾ വിദ്യാർഥികൾ ദുരിതക്കയത്തിൽ
text_fieldsതിരുനെല്ലി ആശ്രമം ഗവ. ട്രൈബൽ സ്കൂൾ
മാനന്തവാടി: പട്ടികവർഗ വികസന വകുപ്പിന് കീഴിലെ തിരുനെല്ലി ആശ്രമം ഗവ. ട്രൈബൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ദുരിതക്കയത്തിൽ. വർഷങ്ങളായി പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ജൂലൈയിൽ പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനെ തുടർന്ന് സ്കൂൾ പ്രവർത്തനം താൽക്കാലികമായി കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റാൻ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് വൈദ്യുതീകരണത്തിനായി വകുപ്പിന് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ, വൈദ്യുതീകരണ പ്രവൃത്തികൾ ഒച്ചിയിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഇതോടെയാണ് വിദ്യാർഥികൾ പ്രതിസന്ധിയിലായത്. ഒന്ന് മുതൽ പത്ത് വരെ 257 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 117 പേർ പെൺകുട്ടികളാണ്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സ്ഥാപനത്തിലെ ജീവനക്കാർക്കായുള്ള ഒരു ശൗചാലയം മാത്രമാണുള്ളത്. ഇവർ മൂന്ന് ക്ലാസ് റൂമുകളിലാണ് താമസിക്കുന്നത്.
ഇതിനാൽ പഠന പ്രവർത്തനങ്ങൾ സ്റ്റേജിലും കമ്പ്യൂട്ടർ ലാബിലും ലൈബ്രറിയിലുമായാണ് നടക്കുന്നത്. വിദ്യാലയത്തിന്റെയും പരിസരത്തിന്റെയും അവസ്ഥയും വളരെ ശോചനീയമാണ്. തിരുനെല്ലി കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരന്തരം വന്യജീവി ശല്യമുള്ള മേഖലയാണിത്.
എന്നാൽ, സുരക്ഷാ മതിലോ കമ്പിവേലിയോ ഈ സ്ഥാപനത്തിനില്ല. പരിസരം കാടുപിടിച്ചുകിടക്കുകയാണ്. പട്ടികവർഗ വകുപ്പ് മന്ത്രിയുടെ പഞ്ചായത്തായിട്ട് പോലും സ്കൂളിന്റെ അവസ്ഥക്ക് വർഷങ്ങളായി ഒരുമാറ്റവുമില്ല. അനാരോഗ്യകരമായ ചുറ്റുപാടിലാണ് വിദ്യാർഥികൾ ജീവിക്കുന്നതെന്നും ആക്ഷേപമുണ്ട്.
ആറളത്തേക്ക് മാറ്റിയാലും പ്രതിസന്ധി
മാനന്തവാടി: തിരുനെല്ലി ആശ്രമം സ്കുളിലെ എല്ലാവരും അടിയ-പണിയ വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ അഞ്ചു പേർ മാത്രമാണ് കോഴിക്കോട് ജില്ലയിൽ നിന്നുള്ളത്.
ബാക്കി 251 പേരും വയനാട്ടുകാരാണ്. സ്കൂൾ കണ്ണൂരിലെ ആറളത്തേക്ക് മാറ്റിയാൽ ഈ കുട്ടികളും അവരുടെ രക്ഷിതാക്കൾക്കുമുണ്ടാവുന്ന ദുരിതം ഇരട്ടിക്കും. എന്നാൽ, ജില്ലയിൽ തന്നെ സൗകര്യമുള്ള കെട്ടിടങ്ങളുള്ളപ്പോൾ ജില്ലക്ക് പുറത്തേക്ക് സ്ഥാപനം പറിച്ചു നടുന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
സ്കൂൾ താൽക്കാലികമായാണ് മാറ്റുന്നതെന്നും പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ തിരുനെല്ലിയിൽ പുനഃസ്ഥാപിക്കുമെന്നുമാണ് പട്ടികവർഗ വകുപ്പിന്റെ വിശദീകരണം.
മന്ത്രി കേളു മറുപടി പറയണം -കോൺഗ്രസ്
കൽപറ്റ: തിരുനെല്ലി ആശ്രമം സ്കൂളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കുമായി പ്രതിജ്ഞാബദ്ധമായ വകുപ്പ് മന്ത്രി ഒ.ആർ. കേളു മറുപടി പറയണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് പറഞ്ഞു.
പത്തുവർഷമായി പ്രദേശത്തെ എം.എൽ.എ ആയിരിക്കുന്ന കേളുവിന്റെ പഞ്ചായത്തിലെ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം ആറളത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, നടപടികൾ ഇഴഞ്ഞിട്ടും മന്ത്രി കേളു അവഗണിക്കുകയാണ്.
മനുഷ്യാവകാശ കമീഷനോ ബാലവകാശ കമീഷനോ എസ്.സി-എസ്ടി. കമീഷനോ അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ കോൺഗ്രസ് തുടർ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൈബൽ ഓഫിസ് യുവമോർച്ച ഉപരോധിച്ചു
മാനന്തവാടി: തിരുനെല്ലിയിലെ ആശ്രമം റെസിഡൻഷ്യൽ സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മാനന്തവാടിയിലെ ട്രൈബൽ ഓഫിസ് ഉപരോധിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം, കെ. മോഹൻദാസ്, സുമ രാമൻ തുടങ്ങിയവർ സംസാരിച്ചു.
അഖിൽ കേളോത്ത്, നിധീഷ് ലോകനാഥ്, ശ്രീജിത്ത് കണിയാരം, അരുൺ രമേശ്, രൂപേഷ് പിലാക്കാവ്, പി.ജി. രാഖിൽ, ദിലീപ് കണിയാരം തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.


