വയനാട് മെഡിക്കൽ കോളജ്; ആദ്യ എം.ബി.ബി.എസ് ബാച്ച് പ്രവേശനോത്സവം ആഘോഷമായി
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം നാടിന്റെ ആഘോഷമായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി-അമ്പുകുത്തിയിൽ 28 ഏക്കറിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കൽ കോളജ് കാമ്പസ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തുതന്നെ സൗകര്യങ്ങളൊരുക്കുകയെന്നത് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകളുള്ള സംസ്ഥാനമാണ് കേരളം. എല്ലാ ജില്ലകളിലും ഗവ. നഴ്സിങ് കോളജുകളെന്ന ലക്ഷ്യവും കൈവരിച്ചു. വയനാട് മെഡിക്കൽ കോളജിൽ 15 സൂപ്പർ സ്പെഷാലിറ്റി തസ്തികകൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എം.ബി.ബി.എസ് ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ചു.
നബാർഡിന്റെ സഹായത്തോടെ 45 കോടി ചെലവിൽ മൾട്ടി പർപസ് ബ്ലോക്ക്, സ്റ്റേറ്റ് പ്ലാൻ ഫണ്ട് വിനിയോഗിച്ച് 8.23 കോടി ചെലവിൽ കാത്ത് ലാബ്, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളും ആശുപത്രിയിൽ ആരംഭിച്ചു. എൻ.എച്ച്.എം ഫണ്ടിൽനിന്ന് 2.30 കോടി വിനിയോഗിച്ച് ആധുനിക മോർച്ചറി കോംപ്ലക്സ് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ എം.ബി.ബി.എസ് വിദ്യാർഥികളുമായി മന്ത്രി വീണാ ജോർജ് സംവദിച്ചു. വിദ്യാർഥികൾ അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും മന്ത്രിയുമായി ചർച്ച ചെയ്തു. ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയെ സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷതവഹിച്ച പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു.മെഡിക്കൽ കോളജ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, അസി. കലക്ടർ പി.പി. അർച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി. മോഹൻദാസ്, ഡി.പി.എം ഡോ. സമീഹ സൈതലവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. ചാന്ദിനി, സൂപ്രണ്ട് കെ.എം. സച്ചിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, ആശുപത്രി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


