കോടതിയിൽ കേസുള്ള ആലത്തൂർ എസ്റ്റേറ്റിൽനിന്ന് മരം മുറിക്കാൻ നീക്കം
text_fieldsമാനന്തവാടി: ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കെ കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റില്‍ നിന്ന് മരം മുറിച്ച് കടത്താൻ നീക്കം. ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽ നിന്ന് അനുമതി നേടി 91 കുറ്റി ഈട്ടിമരം മുറിച്ചുമാറ്റാനാണ് എസ്റ്റേറ്റ് നടത്തിപ്പുകാർ നീക്കം നടത്തിയത്. വിദേശ പൗരനായ എഡ്വേര്‍ഡ് ജുവര്‍ട്ട് വാനിംഗന്, കര്‍ണാടക സ്വദേശിയായ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന് ദാനാധാരമായി നല്കിയ ഭൂമിയിലാണ് വീണ്ടുംമരം മുറിക്കാൻ അനുമതിതേടി എസ്റ്റേറ്റ് നടത്തിപ്പുകാർ അപേക്ഷ നൽകിയത്.
വിദേശ പൗരന്റെ മരണശേഷം അയാളുടെ ഉടമസ്ഥതയിലുള്ള ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാകണമെന്നാണ് നിയമം. ഇതുപ്രകാരം എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ദാനം ലഭിച്ചയാൾ 2024ൽ അനുകൂലവിധി സമ്പാദിച്ച് ഭൂമിക്ക് നികുതി അടച്ചിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകി കേസുമായി മുമ്പോട്ടു പോകുന്നതിനിടയിലാണ് മരം മുറിക്കാന്‍ നീക്കമാരംഭിച്ചത്.
ഉണങ്ങിയതും അപകടഭീഷണി ഉയർത്തുന്നതുമായ 91 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണമെന്നാണ് കോടതിയിൽ അപേക്ഷ നൽകിയത്. ഇതു പ്രകാരം കോടതി നിശ്ചയിച്ച കമീഷനും കോഫി ബോർഡും സ്ഥലം സന്ദർശിച്ച് അനുമതി നൽകിയതായാണ് സൂചന.
എസ്റ്റേറ്റ് സംബന്ധിച്ച വിവാദങ്ങളും സര്‍ക്കാര്‍ നടപടികളും ചൂണ്ടിക്കാട്ടി നിലവില്‍ മരംമുറിക്കാന്‍ അനുമതി നല്കാന് നിര്‍വാഹമില്ലെന്നാണ് മുമ്പ് വനംവകുപ്പ് നിലപാട് സ്വീകരിച്ചത്. ഭൂമി എസ്ചീറ്റ് നിയമപ്രകാരം സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള കേസ് കോടതിയിൽ നടന്നു വരുന്നതിനിടെയാണ് ധൃതിയിൽ വീണ്ടും മരം മുറിച്ചു നീക്കാൻ ശ്രമം നടക്കുന്നത്. 214 ഏക്കർ ഭൂമിയാണ് വിദേശ പൗരന്റെ ഉടമസ്ഥതയിൽ ഉള്ളത്.