മാനന്തവാടിയിൽ സീബ്രാവരകൾ മാഞ്ഞു; കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കണ്ടേ...?
text_fieldsമാനന്തവാടി എൽ.എഫ് യു.പി സ്കൂൾ പരിസരത്ത് സീബ്രാലൈൻ ഇല്ലാത്തതിനാൽ കുട്ടിയുമായി ആശങ്കയിൽ റോഡ് മുറിച്ചു കടക്കുന്ന വീട്ടമ്മ
മാനന്തവാടി: നഗരത്തിലെത്തുന്ന യാത്രക്കാർ സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡുമുറിച്ചുകടക്കാനാകാതെ പ്രയാസപ്പെടുന്നു. മലയോര ഹൈവേയുടെ ഭാഗമായി റോഡ് നവീകരിച്ചപ്പോൾ ഇല്ലാതായ സീബ്രാവരകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് റോഡുപണി നടക്കുന്നത്. റോഡരികിൽ ഇന്റർലോക്ക് പതിക്കുന്ന പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ടൗണിൽ ആവശ്യമായ മിക്കയിടങ്ങളിലും സീബ്രാവരകൾ പുനഃസ്ഥാപിച്ചില്ല.
മൈസൂരു റോഡ്, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ സീബ്രാവരകൾ ഇട്ടെങ്കിലും ബസ് സ്റ്റാൻഡ് പരിസരം, ഗാന്ധി പാർക്കിൽനിന്നു തലശ്ശേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം, കോഴിക്കോട് റോഡ്, എരുമത്തെരുവ് കെ.എസ്.ആർ.ടി.സി ബൈപാസ് റോഡ് എന്നിവിടങ്ങളിൽ സീബ്രാലൈനുകൾ വരച്ചിട്ടില്ല. ഇതുമൂലം കാൽനടയാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. നല്ല റോഡായതിനാൽ വാഹനങ്ങൾ അതിവേഗത്തിലാണ് പോകുന്നത്. തിരക്കേറിയ കോഴിക്കോട് റോഡിൽ പ്രായമായവരുൾപ്പെടെ ആശങ്കയോടെയാണ് റോഡുകടക്കുന്നത്.
മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിനു സമീപത്തായി രണ്ട് സീബ്രാവരകള് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇവയില്ല. സ്കൂളിന്റെ പ്രധാന കവാടത്തിനു സമീപവും ബസ് സ്റ്റാൻഡ് ഭാഗത്തുള്ള കവാടത്തിലുമാണ് സീബ്രാവരകളുണ്ടായിരുന്നത്. മുമ്പ് മാഞ്ഞുപോയ സീബ്രാവരകൾ പി.ടി.എ അധികൃതർ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, ഇത് മാഞ്ഞുപോയി. ടു-കോംപോണന്റ് കോൾഡ് പെയിന്റ്സ് ലൈൻ സ്ട്രിപ്പിങ് മെഷീൻ ഉപയോഗിച്ച് സീബ്രാലൈൻ വരച്ചാൽ മാത്രമേ കുറേക്കാലം നിലനിൽക്കൂ.
പൊലീസും ഇടപെടുന്നില്ല
സീബ്രാലൈൻ ഇല്ലാത്തിനാൽ വിദ്യാർഥികളും റോഡുമുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. സ്കൂൾ പരിസരം പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയോ ഹോം ഗാർഡുമാരേയോ വിന്യസിക്കാറുണ്ട്. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി സെയ്ന്റ് ജോസഫ്സ് ടി.ടി.ഐ, കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ സ്ഥിരം പൊലീസിന്റേയോ ഹോം ഗാർഡുമാരുടേയോ സേവനമുണ്ടാവാറുണ്ട്.
എന്നാൽ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ രാവിലെ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. അത് എല്ലാദിവസവും ഉണ്ടാവാറുമില്ല. വി.വി.ഐ.പി ജോലിയുള്ള സമയങ്ങളിലും മറ്റും പൊലീസിന്റെ സേവനം പലപ്പോഴും ലഭിക്കാറില്ല. സീബ്രാവരകൾ ഇല്ലാത്തതിനൊപ്പം ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരും ഇല്ലാതാവുമ്പോൾ കുട്ടികൾ തോന്നിയപോലെയാണ് റോഡുമുറിച്ചു കടക്കുന്നത്.
ആധിയിൽ രക്ഷിതാക്കൾ
സീബ്രാലൈൻ ഇല്ലാത്തതിൽ വിദ്യാർഥികളുടെ രക്ഷിതാക്കളും ആധിയിലാണ്. ഇതിനാൽ മിക്ക ദിവസങ്ങളിലും കുട്ടികൾക്കൊപ്പം രക്ഷിതാക്കളും എത്തേണ്ട അവസ്ഥയാണ്. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്ക് റോഡുമുറിച്ചു കടക്കാൻ വലിയ പ്രയാസമില്ല. രക്ഷിതാക്കളില്ലാതെയെത്തുന്ന കുട്ടികൾ വാഹനങ്ങൾ വേഗത്തിൽ വരുന്ന റോഡിൽ ഇരുഭാഗവും ശ്രദ്ധിക്കാതെ ഓടി റോഡ് മുറിച്ചു കടക്കുന്ന സാഹചര്യവുമുണ്ട്. ഇത് വലിയ അപകടസാധ്യതയുണ്ടാക്കുന്നു.
ലിറ്റിൽ ഫ്ലവർ സ്കൂളിനു മുൻവശത്ത് സീബ്രാവര ഇല്ലാത്തതിനാൽ സ്കൂൾ കവലയിലൂടെ റോഡുമുറിച്ചു കടക്കുന്നവരും ഉണ്ട്. ഒരേസമയം സെയ്ന്റ് ജോസഫ്സ് ആശുപത്രി റോഡിൽനിന്നും ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്ന വഴിയാണിത്.


