ഈ ദാരുണമരണം ഒടുവിലത്തേതാകട്ടെ
text_fieldsപിടിയിലായ കടുവ (ഫയൽചിത്രം)
മാനന്തവാടി: ജില്ലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടുമൃഗങ്ങൾ. വന്യജീവി-മനുഷ്യ സംഘർഷങ്ങൾ എന്നതിനപ്പുറം മനുഷ്യരെ വന്യമൃഗങ്ങൾ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഏറിവരികയാണ്. പഞ്ചാരക്കൊല്ലിയിൽ യുവതിയെ കടുവ ആക്രമിച്ച് കൊന്നതിൽ വനംവകുപ്പിനെതിരെയുണ്ടായത് നാട്ടുകാരുടേത് വൻ പ്രതിഷേധമാണ്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധ (46) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽനിന്നും മൃതദേഹം എടുക്കാനനുവദിക്കാതെയായിരുന്നു ആദ്യ പ്രതിഷേധം. ഇത് അര മണിക്കൂറിലേറെ നീണ്ടു. തുടർന്ന് നടത്തിയ ചർച്ചയിൽ വനത്തിൽ നിന്ന് മൃതദേഹം എടുക്കുവാനും പ്രിയദർശിനിയുടെ സ്ഥലത്തെത്തിച്ച് പ്രതിഷേധം തുടരാനും തീരുമാനിച്ചു.
ഇതനുസരിച്ച് പൊലീസും വനംവകുപ്പും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. പ്രിയദർശിനി കെട്ടിടത്തിന് മുന്നിൽ രണ്ടര മണിക്കൂറോളം പ്രതിഷേധം തുടർന്നു. മന്ത്രി ഒ.ആർ. കേളു, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, നഗരസഭ വൈ. ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സി.പി.എം. ജില്ല സെക്രട്ടറി കെ. റഫീഖ്, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസി. എ.എം. നിഷാന്ത്, എൻ.സി.പി സംസ്ഥാന സമിതി അംഗം സി.കെ. ശിവരാമൻ എന്നിവരുടെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൻ ഉൾപ്പെടെയുള്ള വനപാലകരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരം ഉണ്ടായത്.
ഇതോടെയാണ് മൃതദേഹം വിട്ടുകൊടുക്കാൻ പ്രതിഷേധക്കാർ തയാറായത്.
ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ മെഡിക്കൽ കോളജിൽ രാധയുടെ മൃതദേഹം കാണാൻ എത്തുകയും പഞ്ചാരക്കൊല്ലിയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുകയും ചെയ്തു.
അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണം -സി.പി.ഐ
കല്പറ്റ: വനത്തിന് പുറത്ത് ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായത്.
ചര്‍ച്ചയില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്.
ലക്കിടിയിൽ കടുവയിറങ്ങിയതായി സംശയം
വൈത്തിരി: ലക്കിടി അറമലയിൽ കടുവയെ കണ്ടതായി യുവാവ്. തളിപ്പുഴ ഗാന്ധി ഗ്രാമത്തിൽ ജോലി ചെയ്യുന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി കടുവയെ കണ്ടതായി പറയുന്നത്.
അറമലയിലെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് താസ ഹോട്ടലിനു പിൻവശംവെച്ച് കടുവ ചാടുകയായിരുന്നു. രാത്രി 8.15നാണു സംഭവം. മേപ്പാടി റേഞ്ച് വനം വകുപ്പുദ്യോഗസ്ഥരും വൈത്തിരി പൊലീസും സ്ഥലത്തെത്തി. രണ്ടാഴ്ച മുമ്പ് ലക്കിടിയിൽ വൈദ്യുതി ടവറിനു സമീപം കെ.എസ്.ഇ.ബി കരാർ ജീവനക്കാർ കടുവയെ കണ്ടിരുന്നു.
കടുവക്കായി തിരച്ചിൽ ഊർജിതം, കൂട് സ്ഥാപിച്ചു
മാനന്തവാടി: സ്ത്രീയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തിൽ നടപടി ഊർജിതമാക്കി വനംവകുപ്പ്. മാനന്തവാടി ദ്രുത കർമ സേനക്ക് പുറമേ മുത്തങ്ങയിൽ നിന്നുള്ള ദ്രുത കർമ സേനയും തിരച്ചിലിൽ പങ്കാളിയായി. കൂടാതെ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും വനപാലകരും തിരച്ചിലിന് സഹായം നൽകുന്നുണ്ട്.
പ്രദേശത്ത് കൂട് സ്ഥാപിച്ചു. 29 കാമറകളും നാല് ലൈവ് കാമറകളും സ്ഥാപിച്ചു. കൂടാതെ തെർമൽ ഡ്രോണുകൾ ഉൾപ്പെടെ എത്തിച്ച് നിരീക്ഷണം നടത്തി. തിരച്ചിലിന്റെ മേൽനോട്ട ചുമതല നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ മോവലിന് നൽകി. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘവും ശനിയാഴ്ച സ്ഥലത്തെത്തും. തിരച്ചിലിന് കുങ്കിയാനകളുടെ സഹായവും തേടും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വെള്ളിയാഴ്ച വൈകുന്നേരവും പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കടുവയുടെ ആക്രമണം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.