ചെമ്പോത്തറ ആരോഗ്യ ഉപകേന്ദ്രം നവീകരണത്തിൽ അഴിമതി ആരോപണം
text_fieldsമേപ്പാടി: ചെമ്പോത്തറ ആരോഗ്യ ഉപകേന്ദ്രത്തിൽ 15 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവൃത്തിയിൽ അഴിമതിയും ക്രമക്കേടും ആരോപിച്ച് സി.പി.എം ബ്രാഞ്ച് ഭാരവാഹികൾ രംഗത്ത്. പ്രവൃത്തിയോടനുബന്ധിച്ച് ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന കിണർ മൂടിയെന്നും സി.പി.എം ആരോപിച്ചു.
ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുറ്റുമതിൽ കാഴ്ച മറക്കുന്ന വിധത്തിൽ ഉയർത്തിയത് വാഹനാപകടങ്ങൾക്ക് കാരണമാകും. ഈ വിഷയങ്ങളുയർത്തി പഞ്ചായത്ത് ഓഫിസ് മാർച്ച് അടക്കം നടത്തുമെന്നും സി.പി.എം ഭാരവാഹികൾ പറഞ്ഞു.
എന്നാൽ, ജീർണാവസ്ഥയിൽ കിടന്ന ആരോഗ്യ ഉപകേന്ദ്രത്തെ 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തി നവീന രീതിയിൽ പുനർനിർമിക്കുകയാണ് ചെയ്തതെന്ന് വാർഡ് അംഗം ഹാരിസ് പറയുന്നു. കെട്ടിടവും ചുറ്റുമതിലും നവീകരിച്ചു. കിണർ മൂടിയെന്ന ആരോപണവും ശരിയല്ല. കഴിഞ്ഞ 10 വർഷമായി ഉപയോഗ ശൂന്യമായി കിടന്ന കിണറിനു മേൽ സിമന്റ് സ്ലാബിടുക മാത്രമാണ് ചെയ്തത്.
ഫെബ്രുവരിയിൽ പൂർത്തീകരിച്ച പ്രവൃത്തി സംബന്ധിച്ച് ഇപ്പോൾ ആരോപണവുമായി രംഗത്തു വരുന്നത് അടുത്തുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഹസനം മാത്രമാണെന്നും ഹാരിസ് പറഞ്ഞു. ഏതായാലും വരും ദിവസങ്ങളിൽ വിവാദം ചൂടുപിടിക്കുമെന്നാണ് സൂചന.