ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ച് കുട്ടികള്‍ ഇനി സ്കൂളുകളിലേക്ക്
text_fieldsഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് മേപ്പാടി പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനം നേടിയ കുട്ടികൾ പ്രമോട്ടർമാരോടൊപ്പം
മേപ്പാടി: സമൂഹവുമായി എപ്പോഴും അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ അക്ഷരവെളിച്ചം നേടാന്‍ തയാറായി കുരുന്നുകള്‍. കാടിന്റെ വന്യതയും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരുവിഭാഗം ആളുകളാണ് ഏറാട്ടുകുണ്ടില്‍ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ചാലിയാര്‍ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന അപ്പു, കണ്ണന്, മണി, അപ്പു, അമ്മു എന്നിവര്‍ ഇനി വിദ്യയുടെ മധുരം നുണയും.
ചൂരല്‍മല ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഉന്നതിയിലെ താമസക്കാർ വനത്തിലെ തേന്‍, പാട കിഴങ്ങ് എന്നിവ ശേഖരിച്ചാണ് ജീവിക്കുന്നത്. ആധുനിക ചികിത്സ സൗകര്യങ്ങളോടും വിദ്യാഭ്യാസ രീതികളോടും മുഖം തിരിച്ച ഉന്നതിക്കാരെ പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ ഏറെ നാളത്തെ ശ്രമകരമായ ഇടപെടലാണ് വേണ്ടിവന്നത്.
മന്ത്രി ഒ.ആര് കേളു, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ ജി. പ്രമോദ് തുടങ്ങിയവരുടെ ഇടപെടലുകളാണ് വിജയം കണ്ടത്. വിദ്യാഭ്യാസം ലഭിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയിലേക്ക് നിരന്തര പരിശ്രമങ്ങളിലൂടെയാണ് ഉന്നതിയിലെ രക്ഷിതാക്കളെയെത്തിച്ചത്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിൽ വിടാൻ സമ്മതം അറിയിച്ചതോടെ ഉന്നതിയിലെ കൃഷ്ണന്-ശാന്ത ദമ്പതികളുടെ രണ്ട് മക്കളായ അപ്പുവും കണ്ണനും രാജന്-ശാരദ എന്നിവരുടെ മക്കളായ മണിയും അമ്മുവും, കറപ്പന്റെയും ബിന്ദുവിന്റെയും മകന് അപ്പുവും ഇനി സ്കൂളിലെത്തും. സ്കൂളില്‍ ചേര്‍ക്കാനായി കുട്ടികൾക്ക് ഔദ്യോഗിക പേരിടല്‍ നടത്തിയത് പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതരാണ്.
വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ കുട്ടികള്‍ക്ക് ബാഗ്, വസ്ത്രങ്ങള്‍ എന്നിവ നല്കി. സ്കൂളില്‍ പോകുന്നതിന് മുന്നോടിയായി അപ്പു, കണ്ണന്, മണി എന്നീ കുട്ടികളെ മേപ്പാടി പ്രീ-മെട്രിക്ക് ഹോസ്റ്റലിലേക്കും അമ്മുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ തേജസ് കിന്റര്‍ ഗാര്‍ട്ടനിലേക്കും മാറ്റി. ഇവർ മറ്റുള്ളവർക്കോപ്പം ഇടപെടുന്നുണ്ടെന്നും കല്പറ്റ ട്രൈബല്‍ എക്സ്റ്റന് ഓഫിസര്‍ രജനികാന്ത് പറഞ്ഞു. വരും ദിവസങ്ങളില്‍ കുട്ടികളെ മേപ്പാടി ഗവ. എല്‍.പി സ്കൂളിലെ എല്‍.കെ.ജി ക്ലാസിൽ പ്രവേശിപ്പിക്കും.
ശ്രമങ്ങള്‍ ഫലം കണ്ടതില്‍ അഭിമാനം-ജില്ല കലക്ടര്‍
കൽപറ്റ: ഏറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാർക്കിടയിൽ നടത്തിയ കഠിന പരിശ്രമങ്ങള്‍ ഫലം കണ്ടതില്‍ അഭിമാനമുണ്ടെന്ന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ. പ്രാകൃത ഗോത്ര വിഭാഗത്തിന്റെ സവിശേഷതകളുള്ള ഏറാട്ടുകുണ്ട് നിവാസികളെ ആദ്യമായി കണ്ടത് കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട സംഭവത്തെ തുടർന്നാണ്. പണിയ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പരമ്പരാഗത വേട്ടയാടല്‍, ഒത്തുചേരലുകളിലൂടെ നിലനിന്ന് പോകുന്നവരാണ്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്ക് പുറംലോകവുമായി ആശയവിനിമയം നടത്താത്തവര്‍. അധികമാര്‍ക്കും ഇവർക്കിടയിലേക്ക് പ്രവേശനം ഇല്ലാത്ത അവസ്ഥയാണ്. ഉന്നതിയിലെ കുട്ടികളാരും സ്കൂളിലും ആശുപത്രികളിലും പോയിട്ടില്ല. ആളുകളോട് വ്യക്തമായി സംസാരിക്കാനോ ഫലപ്രദമായി ആശയവിനിമയം നടത്താനോ കഴിയാത്തവരാണവർ.
കൃത്യമായ ഇടപെടലിന്റെ അടിയന്തര ആവശ്യകത തിരിച്ചറിഞ്ഞ് ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര കര്‍മപദ്ധതിയാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ല ഭരണകൂടം നടപ്പാക്കുന്നത്. ഔപചാരിക വിദ്യാഭ്യാസം, പോഷകസമൃദ്ധമായ ഭക്ഷണം, ആരോഗ്യ പരിശോധനകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ലഭ്യമാകും. കുട്ടികളുടെ ശാക്തീകരണവും സുസ്ഥിരതയും ഉറപ്പാക്കാന്‍ അവരുമായി ചേർന്ന് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു.