വെന്തുരുകി തോട്ടം തൊഴിലാളികൾ
text_fieldsറിപ്പൺ എസ്റ്റേറ്റിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ
മേപ്പാടി: തൊഴിൽ വകുപ്പ് ഔദ്യോഗികമായി പുനഃക്രമീകരിച്ച ജോലി സമയം മാനേജ്മെന്റുകളും യൂനിയനുകളും ചേർന്ന് ഏകപക്ഷീയമായി മാറ്റി നിശ്ചയിച്ചത് വിനയായെന്ന് ആക്ഷേപം. മേയ് 10 വരെ സർക്കാർ പുനഃക്രമീകരിച്ച ജോലി സമയം പ്രാബല്യത്തിലുള്ളപ്പോഴാണ് തോട്ടങ്ങളിൽ മാനേജ്മെന്റുകളും സംഘടന നേതാക്കളും തമ്മിൽ ധാരണയിലെത്തി സമയം മാറ്റിയത്.
33 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് പകൽ സമയത്ത് മേപ്പാടി മേഖലയിൽ അനുഭവപ്പെടുന്നത്. സ്ത്രീ തൊഴിലാളികളാണ് ചൂടേൽക്കുന്നതിൽ അധികവും. പോഡാർ പ്ലാന്റേഷൻ റിപ്പൺ ഡിവിഷനിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം മൂന്ന് തൊഴിലാളികൾക്കാണ് വെയിലിൽ പൊള്ളലേറ്റത്. സുലേഖ, ബീവി, അൻവർ യൂനുസ് എന്നിവർക്കാണ് പൊള്ളലേറ്റത്.
സുലേഖ
ഇവർ ആശുപത്രികളിൽ ചികിത്സ തേടി. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് സർക്കാർ നിശ്ചയിച്ച തൊഴിൽ സമയം. ഇതിനിടയിൽ വിശ്രമ സമയമില്ല. എന്നാൽ വേനൽമഴ ലഭിച്ചതോടെ തേയിലച്ചെടികളിൽ ഉൽപാദനം കൂടിയ പശ്ചാത്തലത്തിൽ ജോലി സമയത്തിൽ മാറ്റം വരുത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിനു മുന്നിൽ മുഖ്യധാര ട്രേഡ് യൂനിയനുകൾ വഴങ്ങുകയായിരുന്നു. അവർ ധാരണയിലെത്തുകയും ജോലി സമയം എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാക്കുകയും ചെയ്തു. മേഖലയിലെ എല്ലാ തോട്ടങ്ങളിലും തീരുമാനം പ്രാബല്യത്തിലായി.
ഈ തീരുമാനത്തിൽ തൊഴിലാളികളുടെ ഭാഗത്തുനിന്ന് എതിർ ശബ്ദങ്ങൾ ഉയർന്നുവെങ്കിലും യൂനിയൻ നേതൃത്വങ്ങൾ അംഗീകരിച്ച സ്ഥിതിക്ക് അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. എന്നാൽ, ചൂട് അധികരിച്ചതിനെത്തുടർന്ന് തൊഴിലാളികൾക്ക് പൊള്ളലേൽക്കുന്ന സാഹചര്യമാണിപ്പോൾ.