സഹായപദ്ധതിയിൽ അനർഹർ; പഞ്ചായത്ത് ഓഫിസിൽ അതിജീവിതരുടെ പ്രതിഷേധം
text_fieldsഉരുൾദുരന്തബാധിതർ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവിന് മുന്നിൽ പ്രതിഷേധിക്കുന്നു
മേപ്പാടി: ഉരുൾദുരന്തബാധിതർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ അനർഹരെ ഉൾപ്പെടുത്തിയെന്നാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിൽ ദുരന്ത ബാധിതരുടെ പ്രതിഷേധം. ഫേസ് വൺ ലിസ്റ്റിലുള്ളവരെ ഒഴിവാക്കി പഞ്ചായത്ത് ഭരണ സമിതിയുടെ പ്രത്യേക താൽപര്യ പ്രകാരം ചിലരെ തിരുകിക്കയറ്റി ക്രമക്കേട് നടത്തിയെന്നായിരുന്നു സ്ത്രീകളടക്കമുള്ള ഗുണഭോക്താക്കളുടെ ആക്ഷേപം. ഫേസ് വണിൽപ്പെട്ട ആളുകളാണ് പ്രതിഷേധവുമായെത്തിയത്.
ദുരന്തത്തിൽ എല്ലാം നഷ്ടമായവരെയാണ് ഫേസ് വൺ വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ളത്. ഫേസ് 2, ഫേസ് വൺ എ, ഫേസ് 2 എ എന്നീ ക്രമത്തിൽ കുടുംബശ്രീ ജില്ല മിഷൻ ആണ് ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയത്. ആ ലിസ്റ്റ് ഗ്രാമ പഞ്ചായത്തിലേക്ക് ജില്ല മിഷൻ അയച്ചുകൊടുത്തിട്ടുമുണ്ട്. ലിസ്റ്റ് വിലയിരുത്തി സഹായം നൽകേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്തിൽ നിന്നയച്ചതിലാണ് പ്രഥമ പരിഗണന നൽകേണ്ട ഫേസ് വണിലുള്ള ചിലരെ ഒഴിവാക്കി ഫേസ് 2വിലുള്ളവരെ ഉൾപ്പെടുത്തിയെന്ന ആക്ഷേപമുയർന്നത്.
ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും ആളുകളെ ആ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും അവർ കുറ്റപ്പെടുത്തുന്നു. 174 പേരാണ് ഫേസ് വൺ വിഭാഗത്തിലുള്ളത്. അതിൽ ചിലർക്ക് തൊഴിൽ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഒരു സഹായവും ലഭിക്കാത്ത 124 പേർ ഉണ്ട്. ഫേസ് വൺ വിഭാഗത്തിന് മുൻഗണന നൽകണമെന്നാണ് ധാരണ.
എന്നാൽ, ആ ധാരണ ലംഘിക്കപ്പെട്ടുവെന്നാണ് ആക്ഷേപം. അതിജീവിതർ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുവിന് മുന്നിലെത്തിയും പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്തധികൃതർ ജില്ല മിഷനുമായി ഫോണിൽ ബന്ധപ്പെട്ടു. ഫേസ് വണിലുള്ളവർക്ക് സഹായം ലഭ്യമാക്കിയ ശേഷമേ മറ്റ് വിഭാഗക്കാരെ പരിഗണിക്കൂ എന്ന് ജില്ല മിഷൻ അധികൃതർ പ്രതിഷേധക്കാരെ അറിയിക്കുകയായിരുന്നു. അതിനെ തുടർന്നാണ് പ്രതിഷേധമവസാനിച്ചത്.


