കുടിശ്ശികയിൽ കിതച്ച് ജൽജീവൻ മിഷൻ; കരാറുകാർ മെല്ലെപ്പോക്കിൽ
text_fieldsജൽജീവൻ മിഷൻ പദ്ധതിക്കായി മേപ്പാടി പള്ളിക്കവലയിൽ സ്ഥാപിച്ച പൈപ്പുകൾ
മേപ്പാടി: സംസ്ഥാനത്തെ ജൽജീവൻ മിഷൻ പദ്ധതി കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിഖ 6000 കോടി രൂപ. വയനാട്ടിലെ കരാറുകാർക്ക് മാത്രമായി നൽകാനുള്ളത് 50 കോടിയിലധികമെന്ന് കണക്കുകൾ. ചെയ്തു തീർത്ത ജോലികൾക്കുള്ള തുക ലഭിക്കാത്തതിനാൽ പ്രവൃത്തികൾ പ്രതിസന്ധിയിലായി. ബാങ്ക് വായ്പയെടുത്തും വസ്തു പണയപ്പെടുത്തിയും പണം സ്വരൂപിച്ച് പ്രവൃത്തി നടത്തിയ കരാറുകാർ ജപ്തി ഭീഷണി നേരിടുന്നതായി ജൽജീവൻ മിഷൻ കോൺട്രാക്ടേഴ്സ് സംയുക്ത സമിതി ഭാരവാഹികൾ പറയുന്നു.
പണം ലഭിക്കാതെ പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലെന്ന് കരാറുകാർ പറയുന്നു. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. ടാങ്കിന്റെ നിർമാണവും നടക്കാനുണ്ട്. പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ നന്നാക്കാനുള്ള പ്രവൃത്തികളും ബാക്കിയാണ്. ചില പഞ്ചായത്തുകളിൽ ഗാർഹിക കണക്ഷൻ പൈപ്പുകളും ടാപ്പും മീറ്ററുകളും സ്ഥാപിച്ച് വർഷങ്ങളായെങ്കിലും പിന്നീട് നടപടിയായില്ല.
അവയെല്ലാം തുരുമ്പെടുക്കുമ്പോഴും വെള്ളത്തിനായി ജനങ്ങൾ കാത്തിരിപ്പിലാണ്. 2024 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതി 2026ലും പൂർത്തിയാകില്ല എന്നതാണ് നിലവിലെ സ്ഥിതി. പ്രവൃത്തികൾ പലേടത്തും മുടങ്ങിയിരിക്കുകയാണ്. കുടിശ്ശിക തുക ലഭിച്ചാലേ തുടർ പ്രവൃത്തികൾ നടത്താൻ കഴിയുവെന്ന നിലപാടിലാണ് കരാറുകാർ.
കേന്ദ്ര സർക്കാർ പദ്ധതിയായ ജൽ ജീവൻ മിഷന് അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ വക മാറ്റി ചെലവഴിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതിയായതിനാലാണ് വേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാറിന് താൽപര്യമില്ലാത്തതെന്നും ഇവർ ആരോപിച്ചു. സംസ്ഥാന ജല അതോറിറ്റിയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. വേനലാകുന്നതോടെ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം നേരിടും. പദ്ധതി എത്രയും വേഗം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


