കാരാപ്പുഴ കുടിവെള്ള പദ്ധതി ജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തുടങ്ങി
text_fieldsപമ്പ് ഹൗസിന് സമീപത്തായി മെറ്റീരിയൽ യാർഡ് ഒരുക്കുന്നു
മേപ്പാടി: ജൽജീവൻ മിഷന് കീഴിലുള്ള കാരാപ്പുഴ ജലവിതരണ പദ്ധതി ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തികൾ മേപ്പാടി നത്തംകുനിയിൽ ആരംഭിച്ചു. ജല അതോറിറ്റി വിലക്ക് വാങ്ങിയ ഒരു ഏക്കർ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്.
മണ്ണ് നിരപ്പാക്കൽ, നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള മെറ്റീരിയൽ യാർഡ് ഒരുക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോയാ ആൻഡ് കമ്പനി കോഴിക്കോട് ആസ്ഥാനമായുള്ള അഥർവ്വ് കൺസ്ട്രക്ഷൻ കമ്പനിക്ക് പ്രവൃത്തി ഉപകരാർ നൽകിയിരിക്കുകയാണ്. മറ്റ് അനുബന്ധ പ്രവൃത്തികളും അഥർവ് കൺസ്ട്രക്ഷൻ കമ്പനിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇപ്പോഴും പാതി വഴിയിലെത്തിയിട്ടേയുള്ളൂ. നെടുമ്പാലയിൽ നിർമിക്കുന്ന ജലസംഭരണിയുടെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. എന്നാൽ, മേപ്പാടി ടൗണിനടുത്തുള്ള ടാങ്ക് കുന്നിൽ നിർമിക്കേണ്ട ടാങ്കിന്റെ പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. ഇതിനിടെ പലപ്പോഴായുണ്ടായ തടസ്സങ്ങൾ കാല താമസത്തിനിടയാക്കി. 2024 ഡിസംബറിൽ കമീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതി 2025 ഡിസംബറിലും പൂർത്തിയായില്ല.
കരാറുകാർക്ക് തുക നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച സെക്രട്ടറിയേറ്റിനു മുമ്പിൽ അവരുടെ സംഘടനയുടെ സമരം പോലും ക്ഷണിച്ചു വരുത്തി. പദ്ധതി എന്ന് കമീഷൻ ചെയ്യുമെന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമാണ്. കാലതാമസം ഒഴിവാക്കി എത്രയും വേഗം പദ്ധതി പൂർത്തിയാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്


