പഞ്ചായത്ത് അനങ്ങുന്നില്ല; കോട്ടനാട് സ്കൂൾ പ്രവേശന കവാട നിർമാണം പ്രതിസന്ധിയിൽ
text_fieldsപ്രധാന പാതയിൽനിന്ന് കോട്ടനാട് ഗവ. യു.പി സ്കൂളിലേക്കുള്ള വഴി പ്രവേശന കവാടമില്ലാതെ തുറന്നുകിടക്കുന്നനിലയിൽ
മേപ്പാടി: കോട്ടനാട് ഗവ. യു.പി സ്കൂളിന് പ്രവേശന കവാടം നിർമിക്കാൻ 2023-24 വർഷത്തിൽ സർക്കാർ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും നിർവഹണ ചുമതലയുള്ള ഗ്രാമപഞ്ചായത്തിന്റെ നിഷ്ക്രിയത്വം വിലങ്ങുതടിയാകുന്നു. രണ്ടുവർഷത്തോളമായിട്ടും പ്രവൃത്തി ടെൻഡർ ചെയ്യാൻപോലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പ്രവേശന കവാടം നിർമാണം, പ്രധാന പാതയിൽനിന്ന് സ്കൂളിലേക്കുള്ള റോഡ് ടൈൽ പതിക്കൽ എന്നിവക്ക് വിദ്യാഭ്യാസ വകുപ്പ് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ജില്ലയിലെ മറ്റ് അഞ്ച് സ്കൂളുകൾക്കും വിവിധ പ്രവൃത്തികൾക്കായി 10 ലക്ഷം വീതം അനുവദിച്ചിരുന്നു.
ഗ്രാമപഞ്ചായത്തിനാണ് നിർവഹണ ചുമതല. ജൂലൈ 31ന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശമുള്ളത്. എന്നാൽ, ഫണ്ട് അനുവദിച്ച് രണ്ടുവർഷമായിട്ടും പ്രവൃത്തി ടെൻഡർ ചെയ്യാനുള്ള നടപടികൾപോലും ഗ്രാമപഞ്ചായത്ത് അധികൃതർ സ്വീകരിച്ചില്ലെന്ന് പി.ടി.എ ഭാരവാഹികൾ ആരോപിക്കുന്നു.
പ്രവൃത്തി നടത്താത്തതിനാൽ അനുവദിച്ച തുക നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. സ്കൂളിന് ഗേറ്റ് ഇല്ലാത്തതിനാൽ തെരുനായ്ക്കളടക്കം സ്കൂൾ വളപ്പിൽ കയറുകയാണ്. ഇത് വിദ്യാർഥികൾക്ക് ഭീഷണിയാകുകയാണെന്ന് പി.ടി.എ കമ്മിറ്റി പറയുന്നു. പ്രശ്നത്തിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.