പണി പൂർത്തിയായിട്ടും സർക്കാർ വിശ്രമകേന്ദ്രം വിശ്രമത്തിൽ
text_fieldsമേപ്പാടി: നവീകരണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിട്ടും മേപ്പാടി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം വിശ്രമത്തിൽ. കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്നു നടക്കുമെന്നറിയാതെ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിക്കപ്പെട്ടതും ചരിത്ര പ്രാധാന്യമുള്ളതുമാണ് മേപ്പാടി ഗവ. വിശ്രമകേന്ദ്രം. രണ്ടു കോടി 65 ലക്ഷം രൂപ വകയിരുത്തി 10 മുറികളുള്ള പുതിയ ഇരുനില കെട്ടിടവും മൂന്നു മുറികളുള്ള പഴയ കെട്ടിടത്തിന്റെ നവീകരണവുമാണ് ഇപ്പോൾ നടത്തിയത്. ഫർണിച്ചർ ജോലികളും വെള്ളമെത്തിക്കുന്ന ജോലിയും മാത്രമേ ഇനി ബാക്കിയുള്ളു.
എന്നാൽ, വിശ്രമകേന്ദ്രം ജനങ്ങൾക്കായി എന്ന് തുറക്കുമെന്നു സംബന്ധിച്ച് ഒരു തീരുമാനവുമായിട്ടില്ല. ആവശ്യമായി വരുന്ന പുതിയ ജീവനക്കാരുടെ നിയമന കാര്യങ്ങളാണ് കാലതാമസം വരുത്തുന്ന ഘടകം.
ഒരു കെയർടേക്കർ, ഒരു പാർട്ട് ടൈം സ്വീപ്പർ, ഒരു വാച്ച്മാൻ എന്നിങ്ങനെ മൂന്ന് ജീവനക്കാരാണ് നിലവിലുള്ളത്. പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ആയതോടെ ഒരു മാനേജർ, ക്ലീനിങ്ങ് ജോലിക്ക് രണ്ട് മുഴുവൻ സമയ ജീവനക്കാർ, ഒരു പാർട്ട് ടൈം ജീവനക്കാരൻ, ഒരു ഗാർഡനർ (പൂന്തോട്ടം നടത്തിപ്പുകാരൻ) എന്നിങ്ങനെ അഞ്ച് ജീവനക്കാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുകയും അവരെ പി.എസ്.സി വഴി നിയമിക്കുകയും വേണം. ഇത് എന്ന് നടക്കുമെന്നറിയാത്തതാണ് വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാക്കുന്നത്. സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിശ്രമകേന്ദ്രം എത്രയും വേഗം ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.


