മേപ്പാടിയിൽ ഇടത്-വലത് മുന്നണികൾക്ക് അഭിമാന പോരാട്ടം
text_fieldsഎ. ബാലചന്ദ്രൻ (എൽ.ഡി.എഫ്), ടി. ഹംസ (യു.ഡി.എഫ്)
മേപ്പാടി: 2019ൽ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചുകയറിയ ഡിവിഷനാണ് മേപ്പാടി. ഉരുൾദുരന്തമുണ്ടായ ദേശമായതിനാൽ പോരാട്ടത്തിന് ഇത്തവണ ശ്രദ്ധകൂടും. 2019ലെ തെരഞ്ഞെടുപ്പിൽ പട്ടികവർഗ സംവരണ ഡിവിഷനായിരുന്ന മേപ്പാടിയിൽ യു.ഡി.എഫ് സ്ഥാനാർഥി കൃഷ്ണൻ വൈദ്യരെ 23 വോട്ടിന് പരാജയപ്പെടുത്തി സി.പി.ഐയുടെ എസ്. ബിന്ദു വിജയിച്ചു.
അവർ ജില്ല പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പു നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായിരിക്കെ ജനതാദളിലെ അനില തോമസും അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ ജനതാദളിലെ തന്നെ പ്രകാശ് ചോമാടിയും വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളായി എൻ.ഡി. അപ്പച്ചനും പി.പി.എ കരീമും മുമ്പ് ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35000 വോട്ടർമാരുണ്ടായിരുന്നു. പുതിയ വിഭജനമനുസരിച്ച് മുട്ടിൽ ജില്ല പഞ്ചായത്ത് ഡിവിഷന്റെ ഭാഗമായിരുന്ന തൃക്കൈപ്പറ്റ ബ്ലോക്ക് ഡിവിഷൻ മേപ്പാടി ഡിവിഷനിലേക്ക് ചേർത്തു.
മേപ്പാടി ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന അരപ്പറ്റ ബ്ലോക്ക് ഡിവിഷനെ തോമാട്ടുചാൽ ഡിവിഷനിലേക്ക് ചേർക്കുകയും ചെയ്തു. മേപ്പാടി ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന വൈത്തിരി പഞ്ചായത്തിലെ ഒരു വാർഡിനെയും കൂടി ഒഴിവാക്കി. ഇതോടെ പൂർണമായും മേപ്പാടി പഞ്ചായത്ത് 23 വാർഡുകൾ മാത്രമുൾക്കൊള്ളുന്ന ഡിവിഷനായി മേപ്പാടി മാറുകയായിരുന്നു.
മേപ്പാടി പഞ്ചായത്തിലെ ആകെ വോട്ടർമാർ 29,916 ആണ്. പാർലമെന്ററി പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പരിചയമുള്ള മുസ്‍ലിം ലീഗ് നേതാവ് ടി. ഹംസയെ രംഗത്തിറക്കി ഡിവിഷൻ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് ഇക്കുറി യു.ഡി.എഫ്. ആയിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
രണ്ട് ടേമിലായി പന്ത്രണ്ടര വർഷം മേപ്പാടി പഞ്ചായത്തിൽ ജനപ്രതിനിധിയായിരുന്ന തോട്ടം തൊഴിലാളി നേതാവ് എൽ.ഡി.എഫിന്റെ എ. ബാലചന്ദ്രനാണ് പ്രധാന എതിരാളി. 2019ലെ വിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.
മുൻ ഡിവിഷൻ അംഗമായിരുന്ന എസ്. ബിന്ദു ഡിവിഷനിൽ നടത്തിയ അഞ്ചുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു. പാർട്ടി ജില്ല സെക്രട്ടറിയായ ടി.എം. സുബീഷാണ് ബി.ജെ.പി സ്ഥാനാർഥി. ആം ആദ്മി പാർട്ടിയുടെ സദീറും രംഗത്തുണ്ട്.


