നാട്ടുകാരിറങ്ങി, ചെക്ക്ഡാം ജലസമൃദ്ധമായി
text_fieldsനാട്ടുകാർ ഷട്ടറുകൾ സ്ഥാപിച്ചതോടെ ജല സമൃദ്ധമായ മൂപ്പൈനാട് ജയ്ഹിന്ദ് പുഴയിലെ ചെക്ക്ഡാം
മേപ്പാടി: നാട്ടിൽ നിരവധി ചെക്ക്ഡാമുകൾ നോക്കുകുത്തികളാകുമ്പോൾ നാട്ടുകാർ ഇടപെട്ടതോടെ ഒന്ന് ജലസമൃദ്ധമായി. മൂപ്പൈനാട് ജയ്ഹിന്ദ് പുഴയിലെ ചെക്ക് ഡാമിലാണ് ഇപ്പോൾ നിറയെ വെള്ളമുള്ളത്. വെള്ളമില്ലാത്തതിനാൽ ഇവിടെ കൃഷിയടക്കം പ്രയാസത്തിലായിരുന്നു. ഇതോടെയാണ് പ്രദേശവാസികൾ മുൻ കൈയെടുത്ത് ഷട്ടറുകൾ സ്ഥാപിച്ച് ചെക്ക്ഡാമിൽ വെള്ളം തടഞ്ഞുനിർത്തി കൃഷിക്ക് കരുതലൊരുക്കിയത്. ഈ വെള്ളമുപയോഗിച്ച് വാഴകൃഷി നടത്തുകയും കാപ്പി നനക്കുകയുമൊക്കെ ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ കർഷകർ.
ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ജയ്ഹിന്ദിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും ഉപയോഗപ്രദമല്ലാതെ കിടന്നിരുന്നതുമായ ചെക്ക്ഡാമായിരുന്നു ഇത്. നാട്ടുകാർ തന്നെ ഷട്ടറുകൾ നിർമിച്ച് സ്ഥാപിക്കുകയായിരുന്നു. ഇതോടെ പുഴയിലെ വെള്ളം തടഞ്ഞുനിർത്താനായി. നാട്ടുകാരിൽ ഒരാൾ സൗജന്യമായി നൽകിയ മരം ഉപയോഗിച്ചാണ് ഷട്ടറുകൾ നിർമിച്ചത്.
ഇതോടെ ഇവിടം ജലസമൃദ്ധമായി മാറി. തടഞ്ഞു നിർത്തിയ വെള്ളം കനാലിലൂടെ എത്തിച്ച് പ്രദേശത്തെ നിരവധി പേർ വാഴകൃഷി നടത്തുകയും കാപ്പി നനക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ പലയിടങ്ങളിലായി ഉപയോഗശൂന്യമായി കിടക്കുന്ന നിരവധി ചെക്ക്ഡാമുകളുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമിച്ചതല്ലാതെ അവ പരിപാലിക്കാൻ നടപടിയില്ല. സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലാണ് ചെക്ക്ഡാമുകൾ. ഷട്ടറുകൾ ദ്രവിച്ചുപോയതോടെ അവ ഉപയോഗ ശൂന്യമായി മാറുകയാണ്. വെള്ളം ഒഴുകി പാഴായിപ്പോകുന്നു എന്നല്ലാതെ തടഞ്ഞുനിർത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ജയ്ഹിന്ദിലെ നാട്ടുകാരുടെ കൂട്ടായ്മ മാതൃകയാകുന്നത്.


