ആരു ഭരിച്ചാലും രക്ഷയില്ല; അടിസ്ഥാന സൗകര്യമില്ലാതെ മേപ്പാടി
text_fieldsമേപ്പാടി ടൗണിൽ പെട്ടിക്കടകൾ പൊളിച്ചുമാറ്റിയ സ്ഥലം നടപ്പാതയില്ലാത്ത നിലയിൽ
മേപ്പാടി: മുന്നണികൾ മാറിമാറി ഭരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ പുരോഗതി കൈവരിക്കാനാകാതെ മേപ്പാടി ടൗൺ. ടൗണിൽ ഗതാഗത കുരുക്കും തടസ്സങ്ങളും പതിവ്. വാഹന പാർക്കിങ് സൗകര്യം വളരെ പരിമിതം. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ കാൽനട ചെയ്യാൻ ആവശ്യമായ നടപ്പാതകളുമില്ല. മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല. മാലിന്യ സംസ്കരണം പേരിനു മാത്രം. ഏറെ വിനോദ സഞ്ചാര പ്രാധാന്യമുള്ള മേഖലയാണ് മേപ്പാടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരെക്കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാമായി ആയിരങ്ങളാണ് ഓരോ മാസവും വാഹനങ്ങളിൽ മേപ്പാടിയിലെത്തുന്നത്. വിദേശികളും എത്താറുണ്ട്.
മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മേപ്പാടിവഴിയേ പോകാൻ സാധിക്കൂ. ഇത്രയധികം സഞ്ചാരികളെയും അവരുടെ വാഹനങ്ങളെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ടൗണിലൂടെയല്ലാതെ കടന്നു പോകാനുള്ള ബൈപാസ് റോഡുകളില്ല എന്നതും വലിയ കുറവാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾ തങ്ങുന്ന ഇടത്താവളങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തിലും വളരെ പിന്നിലാണ് പ്രദേശം.
ഇക്കാര്യങ്ങൾ ആര് ശ്രദ്ധിക്കും എന്നതു സംബന്ധിച്ച് ഒരു ഊഹവുമില്ല അധികൃതർക്ക്. ഗ്രാമ പഞ്ചായത്തിന് മാത്രമായി പണം ചിലവഴിച്ച് ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നതിന് പരിമിതികളുണ്ട്. പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ കാലത്ത് ടൗണിൽ കോസ്‌മോ പൊളിറ്റൻ ക്ലബിന് മുൻവശത്തെ പെട്ടിക്കടകൾ ബലമായി ഒഴിപ്പിച്ചിരുന്നു. ആ സ്ഥലത്ത് നടപ്പാത നിർമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പിന്നീട് ഒന്നും നടന്നില്ല. കെ.ബി. ജങ്ഷനിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു എന്നതാണ് 5 വർഷത്തിനിടയിൽ നടന്ന വികസനം. ഉരുൾ ദുരന്ത ശേഷം കേന്ദ്ര സർക്കാർ വഴി പഞ്ചായത്തിന് അനുവദിച്ചത് 34 കോടി രൂപയാണ്. തകർന്ന റോഡുകൾ നന്നാക്കാൻ വേണ്ടിയാണത്.
അത് ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചില വാർഡുകളിലെ കുറച്ചു റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ടൗണിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കുമാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. വാഹന പാർക്കിങ്ങിനുള്ള സൗകര്യക്കുറവും പ്രധാന പ്രശ്നമാണ്.അതിന് പരിഹാരം കാണാൻ മാറി മാറി വന്ന ഒരു ഭരണ സമിതിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുടങ്ങിക്കിടക്കുന്ന പി.ഡബ്ല്യു.ഡി.ബൈപ്പാസ് റോഡ് പദ്ധതിക്കു വേണ്ടി ഒരു പരിശ്രമവും നടക്കുന്നില്ല. ഇടക്കിടെ സർവേ പ്രഹസനങ്ങൾ നടത്തുന്നു എന്നതൊഴികെ ഒരു പുരോഗതിയുമില്ലാതെ പദ്ധതി ഫയലിൽ ഉറങ്ങുകയാണ്.


