ഒറ്റപ്പെട്ട്, ദുരിതം കൂട്ടായി പാണ്ഡ്യൻകുന്ന് ഉന്നതി
text_fieldsമേപ്പാടി: അമ്പലവയൽ പഞ്ചായത്തിലെ നത്തംകുനി പാണ്ഡ്യൻകുന്ന് ഉന്നതിക്കാർക്ക് കൂട്ട് ദുരിതം മാത്രം. പല വീടുകളും ജീർണാവസ്ഥയിലായി. ചില വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്നു. ഏറെ ശോച്യാവസ്ഥയിലുള്ള അഞ്ചു കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീടുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, വാഹനമെത്തുന്ന റോഡില്ലാത്തതിനാൽ നിർമാണ വസ്തുക്കൾ എത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് തച്ചനാടൻ മൂപ്പൻ വിഭാഗത്തിൽപ്പെട്ട ഉന്നതിയിലെ കുടുംബങ്ങൾ.
പാണ്ഡ്യൻകുന്ന് ഉന്നതിയിലേക്കുള്ള ചളിക്കളമായ റോഡ്
20ഓളം വീടുകളാണ് അമ്പലവയൽ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഉന്നതിയിലുള്ളത്. 20 വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ച വീടുകളാണ് ഇതിൽ ഏറെയും. ചില വീടുകൾ ജീർണാവസ്ഥയിലും ചിലത് മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. ലൈഫ് പദ്ധതിയിൽ അനുവദിച്ച മോശമല്ലാത്ത ചില വീടുകളും ഇവിടെയുണ്ട്. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കുടുംബങ്ങൾക്കുകൂടി വീട് അനുവദിച്ചിരുന്നു.
എന്നാൽ, ഒരു മൺറോഡ് മാത്രമാണ് ഉന്നതിയിലേക്കുള്ളത്. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചതിനാൽ റോഡ് ചളിക്കുളമായ അവസ്ഥയിലാണിപ്പോൾ. ഇതോടെ ഒരു വാഹനവും ഇവിടേക്ക് വരുന്നുമില്ല. ഇതേത്തുടർന്ന് യാത്രാസൗകര്യം പോലുമില്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുകയാണ് ഉന്നതിയിലെ കുടുംബങ്ങൾ.
വീടുപണിക്കാവശ്യമായ കല്ല്, മരം, മെറ്റൽ, മണൽ, കമ്പി തുടങ്ങിയവ എത്തിക്കാൻ ഒരു നിവൃത്തിയുമില്ലാതെ പ്രതിസന്ധിയിലാണിവർ. പ്രവൃത്തി കരാർ നൽകാമെന്നു വിചാരിച്ചാൽതന്നെ വാഹനമെത്താത്തതിനാൽ എടുക്കാൻ ആരും മുന്നോട്ടുവരുകയുമില്ല. ഉന്നതിയിലേക്കുള്ള മണ്ണ് റോഡിൽ സോളിങ് പ്രവൃത്തിയെങ്കിലും ഉടൻ നടത്തിക്കിട്ടണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.


