താമസിക്കുന്നിടത്ത് വാഹനമെത്തില്ല; രോഗികളെ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ
text_fieldsകിടപ്പുരോഗിയെ ആശുപത്രിയിലെത്തിക്കാൻ ലക്കി ഹില്ലിലെ ചളി നിറഞ്ഞ റോഡിലൂടെ സ്ട്രെച്ചറിൽ ചുമന്നു കൊണ്ടുപോകുന്നു
മേപ്പാടി: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ലക്കിഹിൽ താഴെ ഭാഗത്തുള്ള 15ഓളം കുടുംബങ്ങൾ പ്രദേശത്തേക്ക് വാഹനമെത്തിക്കാനുള്ള റോഡില്ലാത്തതിനാൽ ദുരിതമനുഭവിക്കുന്നു. കിടപ്പുരോഗികളെയും വയോജനങ്ങളെയുമടക്കം സ്ട്രെച്ചറിൽ കിടത്തി ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണിവിടെയുള്ള കുടുംബങ്ങൾ. കാൻസർ ബാധിച്ചവരും പക്ഷാഘാതം വന്നവരും മറ്റു കിടപ്പുരോഗികളുമെല്ലാം അടങ്ങിയ 15ഓളം കുടുംബങ്ങളാണ് വർഷങ്ങളായി കഷ്ടതയനുഭവിക്കുന്നത്.
മൂപ്പനാട്-ലക്കിഹിൽ റോഡിൽനിന്ന് 100 മീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. മഴ പെയ്താൽ റോഡിൽ ചളി നിറയും. ആറോളം കിടപ്പുരോഗികൾ വിവിധ വീടുകളിലായുണ്ട്. ഇതിൽ പ്രായമായവരുമുണ്ട്. ആഴ്ചയിലൊരിക്കൽ ഓരോരുത്തരേയും ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സ്ട്രെച്ചറിൽ ചുമക്കുകയാണ് നാട്ടുകാർ. സോളിങ് നിരത്തി കല്ല് വിരിച്ചാൽ ഇവിടേക്ക് വാഹനമെത്തിക്കാൻ കഴിയും. വർഷങ്ങളായി നാട്ടുകാർ ആവശ്യമുന്നയിച്ചിട്ടും ഗ്രാമപഞ്ചായത്തധികൃതർ അവഗണിക്കുന്നുവെന്നാണ് പ്രദേശത്തുള്ള കുടുംബങ്ങളുടെ ആക്ഷേപം.