പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തിക്ക് തുടക്കം; പുന്നപ്പുഴ വീണ്ടുമൊഴുകും
text_fieldsപുന്നപ്പുഴയെ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പ്രവൃത്തി ചൂരൽമലയിൽ ആരംഭിച്ചപ്പോൾ
മേപ്പാടി: ഉരുൾപൊട്ടലിനെത്തുടർന്ന് ഗതിമാറ്റം സംഭവിച്ച ചൂരൽമല പുന്നപ്പുഴയെ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയിൽ അടിഞ്ഞ കല്ലുകളും മണ്ണും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ചൂരൽമല ബെയ് ലി പാലത്തിന് സമീപത്തുനിന്ന് തുടങ്ങിയത്.
1.95 കോടി രൂപയാണ് പുന്നപ്പുഴ ശുദ്ധീകരണത്തിന് സർക്കാർ അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. സംസ്ഥാന ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായുള്ള പ്രാഥമിക ഡ്രോൺ സർവേ നടത്തിയിരുന്നു.
ഉരുൾപൊട്ടലിനെത്തുടന്ന് വലിയ അളവിൽ കല്ലും മണ്ണും മരങ്ങളും പുഴയിൽ അടിഞ്ഞു കൂടിയിട്ടുണ്ട്. കരയിലും ഉരുൾ അവശിഷ്ടങ്ങൾ ധാരാളമായുണ്ട്. മഴക്കാലത്തിനുമുമ്പ് ഇവ നീക്കം ചെയ്യണമെന്ന ആവശ്യം പ്രദേശത്തുനിന്ന് ഉയർന്നിരുന്നു.
ഇല്ലെങ്കിൽ അവ മറ്റൊരൂ ഭീഷണിയാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഉരുൾ ദുരന്തത്തിന്റെ ഫലമായി ആറര കിലോ മീറ്ററോളം ദൂരം പുന്നപ്പുഴ ഗതിമാറി ഒഴുകിയിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലൂടെ പുഴയെ പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇനി മറ്റൊരു ഉരുൾപൊട്ടലുണ്ടായാൽതന്നെ ദുരന്തത്തിന്റെ വ്യാപ്തി കുറക്കുന്നതിനുള്ള മുൻകരുതൽ നടപടികൾകൂടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.
അതോടൊപ്പം പ്രദേശത്തെ റോഡുകൾ, പാലങ്ങൾ എന്നിവയൊക്കെ ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ നിർമിക്കുകയും ചെയ്യും. ചൂരൽമല ടൗണിനെ പുനർ നിർമിക്കാനുള്ള പദ്ധതികളും പിന്നാലെ നടപ്പാക്കും.
ദുരന്ത മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം പ്രദേശത്ത് സ്ഥാപിക്കാനും പദ്ധതിയുണ്ട്.