വിതരണം താളംതെറ്റി; മേപ്പാടിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsമേപ്പാടി ടൗണിലെ ഉപയോഗ ശൂന്യമായ പൊതു ടാപ്പ്
മേപ്പാടി: കുടിവെള്ള വിതരണം താറുമാറായിട്ട് ദിവസങ്ങളായിട്ടും നടപടിയില്ല. സാധാരണക്കാർ വെള്ളത്തിന് നെട്ടോട്ടത്തിൽ. എളമ്പിലേരി പുഴയിൽ വെള്ളമില്ലാത്തതിനാലാണ് ഗ്രാമ പഞ്ചായത്തിന്റെ ജല വിതരണ പദ്ധതി താറുമാറായത്. ഇതിനെ ആശ്രയിക്കുന്ന കുടുംബങ്ങൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം വെള്ളമില്ലാതെ പ്രതിസന്ധിയിലായി. ടാങ്കർ ലോറികളിലെത്തിക്കുന്ന വെള്ളം വില കൊടുത്ത് വാങ്ങുകയാണിവർ ഇപ്പോൾ ചെയ്യുന്നത്. എളമ്പിലേരിയിലെ തടയണയിൽ വെള്ളമില്ലാത്തതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് മേപ്പാടിയിൽ ജല വിതരണം നടക്കുന്നത്.
മഴ പെയ്ത് പുഴയിൽ വെള്ളമെത്തിയാൽ മാത്രമേ അതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ ജല വിതരണം പൂർവ സ്ഥിതിയിലാവുകയുള്ളു. ഹോട്ടലുകൾ മാത്രമല്ല സർക്കാർ സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിലേക്കും പണം കൊടുത്ത് ടാങ്കറുകളിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയാണ്. ടൗണിലെ പൊതു ടാപ്പുകളിൽ ജല വിതരണം മുടങ്ങിയിട്ട് ഏറെ നാളുകളായി. ജലക്ഷാമത്തിന് പരിഹാരമായി നിർദേശിക്കപ്പെട്ട ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനം ഇപ്പോഴും പാതി വഴിയിലാണ്. അടുത്ത കാലത്തൊന്നും പദ്ധതി കമീഷൻ ചെയ്യുമെന്ന് പ്രതീക്ഷയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ വൈകിയാൽ ജല ക്ഷാമം രൂക്ഷമാകാനാണ് സാധ്യത. പഞ്ചായത്തിന്റെ ജല വിതരണ പദ്ധതി കണക്ഷൻ എടുത്തിട്ടുള്ള കടുംബങ്ങൾക്ക് വെള്ളമെത്തിച്ചു കൊടുക്കാൻ ബദൽ സംവിധാനമേർപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത് തയാറാകണമെന്ന ആവശ്യമുയന്നിട്ടുണ്ട്.


