വീട്ടിലേക്കുള്ള മൺറോഡ് ചളിക്കുളമായി; ഭിന്നശേഷിക്കാരായ വയോദമ്പതികൾക്ക് ‘തടങ്കൽ ജീവിതം’
text_fieldsഹുസൈനും ഭാര്യ സൗജത്തും വീട്ടിൽ
മേപ്പാടി: മെയിൻ റോഡിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ വരുന്ന മൺ റോഡ് തകർന്നതിനാൽ പുറത്തു പോവാൻ കഴിയാതെ സ്വയം വീട്ടുതടങ്കലിലായിരിക്കുകയാണ് ഭിന്നശേഷിക്കാരും വയോജനങ്ങളുമായ ദമ്പതികൾ. കാരക്കാടൻ ഹുസൈനും ഭാര്യ സൗജത്തുമാണ് ദുരിതം തിന്നുന്നത്. അരക്ക് താഴേക്ക് ചലനശേഷിയില്ലാത്തയാളാണ് ഹുസൈൻ. ഭാര്യക്ക് ഇടത് കാലിന് സ്വാധീനമില്ല. പരസഹായമില്ലാതെ വീടിന് പുറത്തുപോകാൻ ഹുസൈന് കഴിയില്ല. ചൂരൽമല പുഴ പുറമ്പോക്കിലെ കുടിലിൽ താമസിച്ച് റേഡിയോ, ഗ്യാസ് സ്റ്റൗ, പെട്രോമാക്സ് മുതലായ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തിയാണ് ഇവർ ജീവിച്ചിരുന്നത്.
2019ലെ പ്രളയത്തിൽ വീട് വാസയോഗ്യമല്ലാതായി. രണ്ട് വർഷത്തോളം അരപ്പറ്റയിൽ വാടകക്ക് താമസിച്ചു. മുമ്പ് ചെയ്തിരുന്ന ജോലികൾ ഇല്ലാതായി. ഇതിനിടയിൽ പൊളിഞ്ഞുവീഴാറായ പഴയ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷണം പോയി. ഹുസൈന്റെ മുച്ചക്ര വാഹനത്തിന്റെ ഭാഗങ്ങളടക്കം കണ്ണിൽചോരയില്ലാത്തവർ കൊണ്ടുപോയി. ഓട്ടോ ഡ്രൈവറായിരുന്ന മൂത്ത മകൻ വൃക്കരോഗിയാവുകയും ജോലി ചെയ്യാൻ കഴിയാതെ വരുകയും ചെയ്തു. മേപ്പാടിയിലെ ഓട്ടോ വർക്ക്ഷോപ്പിൽ ദിവസവേതനത്തിൽ ജോലിക്കു പോകുന്ന ഇളയ മകന്റെ തുച്ഛ വരുമാനം മാത്രമാണിപ്പോഴുള്ളത്. ചെറിയ ആശ്വാസമായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ അഞ്ച് മാസമായി ലഭിക്കുന്നില്ല.
ഹുസൈന്റ വീട്ടിലേക്കുള്ള തകർന്ന മൺറോഡ്
കാപ്പംകൊല്ലിയിലെ യൂസഫ് എന്ന വ്യക്തി മൂന്ന് സെന്റ് സ്ഥലം സംഭാവന ചെയ്യുകയും ഗ്രാമ പഞ്ചായത്ത് നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ കപ്പംകൊല്ലി കല്ലായിമ്മലിൽ അന്തിയുറങ്ങാനൊരു വീടുണ്ടായി. സുമനസ്സുകളായ ചില വ്യക്തികളും സഹായിച്ചു. പ്രധാന റോഡിൽനിന്ന് കഷ്ടിച്ച് 100 മീറ്റർ ദൂരമേ വീട്ടിലേക്കുള്ളൂ. ഒരു സ്വകാര്യ വഴിയാണ് ഇവിടേക്കുള്ളത്. അതിന്റെ പകുതി ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. ഹുസൈന്റേതടക്കം രണ്ടോ മൂന്നോ വീടുകൾ മാത്രമാണ് ഈ ഭാഗത്തുള്ളത്. റോഡില്ലാത്തതിനാൽ ഓട്ടോ വിളിച്ചാൽ ഇവിടേക്ക് വരില്ല. പ്രധാന റോഡിൽ വാഹനം നിർത്തി വീട്ടിൽനിന്ന് 100 മീറ്ററോളം ഹുസൈനെ എടുത്തുകൊണ്ടുപോയി വാഹനത്തിൽ കയറ്റണം. തിരികെ വീട്ടിലെത്തണമെങ്കിലും ഇതേ അവസ്ഥയാണ്.
കാപ്പം കൊല്ലി കല്ലായിമ്മലെ ഹുസൈന്റെ വീട്
ഇതിനൊന്നും കഴിയാത്തതിനാൽ ഒരു വർഷത്തോളമായി ദമ്പതികൾ പുറത്തുപോകാതെ വീട്ടിൽത്തന്നെ തടങ്കലിൽപെട്ടതു പോലെ കഴിയുകയാണ്. ഓട്ടോറിക്ഷയെങ്കിലും പോകാൻ കഴിയുന്ന ഒരു വഴിയാണ് ഇവരുടെ ആഗ്രഹം. ഡോക്ടറെ കാണാൻപോലും പുറത്തുപോകാൻ കഴിയുന്നില്ല. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തിലും കലക്ടർക്കുമടക്കം ഹുസൈൻ പരാതി നൽകിയെങ്കിലും ആരും അന്വേഷിച്ചെത്തിയിട്ടില്ല. സർക്കാർതലത്തിൽ നടപടികളോ അല്ലെങ്കിൽ ഏതെങ്കിലും സുമനസ്സുകളുടെ സഹായമോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണീ കുടുംബം.


