ഗതാഗത സൗകര്യമില്ലാതെ കൈരളി ഉന്നതി
text_fieldsമൂപ്പൈനാട് കൈരളി ഉന്നതിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ
മേപ്പാടി: എൺപതിൽപരം ആദിവാസി കുടുംബങ്ങൾ 23 വർഷത്തിലേറെക്കാലമായി താമസിക്കുന്ന മൂപ്പൈനാട് മുക്കിൽപ്പീടിക കൈരളി ഉന്നതിയിൽ വാഹനമെത്തിക്കാൻ കഴിയുന്ന ഒരു റോഡില്ല. മഴ പെയ്താൽ ചളിക്കുളമാകുന്ന മണ്ണ് റോഡാണ് ഏക ആശ്രയം. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ സ്ട്രെച്ചറിൽ ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്. മൃതദേഹം പോലും ചളി നിറഞ്ഞ റോഡിലൂടെ സ്ട്രെച്ചറിൽ ചുമന്നു കൊണ്ടുപോകേണ്ടിവന്ന അനുഭവമുണ്ടായിട്ടുണ്ട്.
റോഡു നിർമിക്കാൻ മുമ്പ് ഫണ്ട് അനുവദിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ക്രമക്കേട് ആരോപണമുയർന്നതിനാൽ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഒന്നും നടന്നില്ല. ജനങ്ങളുടെ ദുരിതം തുടരുകയാണ്. റോഡ് നിർമിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കൈരളിയിൽ ചേർന്ന ബി.ജെ.പി വാർഡ് കൺവെൻഷൻ ഈ ആവശ്യമുയർത്തി മനുഷ്യാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ട്.


