ദുരിതംപേറി ചലനശേഷിയില്ലാത്ത ആദിവാസി യുവതിയും കുടുംബവും
text_fieldsമേപ്പാടി: ജോലിക്കിടെ വീണതിന്റെ ആഘാതത്തിൽ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട ആദിവാസി യുവതിയും കുടുംബവും നരകയാതനയിൽ. കിടപ്പിലായ ഇവർക്ക് വീഴ്ചയിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമെന്തെന്ന് കണ്ടെത്താനോ വിദഗ്ദ ചികിത്സ ലഭ്യമാക്കാനോ സാമ്പത്തിക സ്ഥിതി മൂലം കഴിഞ്ഞില്ല.
അസുഖത്തിന്റെ ഫലമായി സംസാര ശേഷിയിലും വലിയ കുറവ് വന്നിട്ടുണ്ട്. മൂപ്പൈനാട് രണ്ടാം വാർഡ് ജയ്ഹിന്ദ് ഉന്നതിയിലെ 27 വയസ്സുള്ള രമ്യയും ഭർത്താവും ഏഴാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങുന്ന കുടുംബമാണ് ദാരിദ്ര്യത്തിലും ദുരിതത്തിലും ദിവസങ്ങൾ തള്ളി നീക്കുന്നത്.
11 വർഷം മുമ്പ് 2024ൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന എ.ടി.എസ്.പി ഫണ്ടിൽ നിർമിച്ച വീട്ടിലാണിവർ കഴിയുന്നത്. 11 വർഷമായിട്ടും ഇവർക്ക് വീട്ടുനമ്പർ അനുവദിച്ച് നൽകാൻ പോലും അധികൃതർ കനിഞ്ഞിട്ടില്ല. രമ്യയുടെ അമ്മ മോളി ഇതിനായി ഒന്നിലധികം തവണ പഞ്ചായത്തധികൃതർക്ക് മുമ്പിൽ പോയെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം ഓഫിസുകൾ കയറിയിറങ്ങാൻ ആരുമില്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.
റേഷൻ കാർഡില്ലാത്തതിനാൽ സൗജന്യ റേഷൻ പോലും ലഭിക്കുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന രമ്യയുടെ അച്ഛൻ കരിമ്പൻ, അമ്മ മോളി എന്നിവർക്ക് ലഭിക്കുന്ന സൗജന്യ റേഷന്റെ ഒരോഹരി ഇവർക്കും കൊടുക്കും. ഭർത്താവ് ബിജുവിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് മുഴുപ്പട്ടിണിയില്ലാതെ കഴിയുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ ലിഷ്ണയുടെ പഠനച്ചെലവും ഇതുകൊണ്ട് നടക്കണം.
ഉന്നതിയിലേക്കുള്ള റോഡ് ശോച്യാവസ്ഥയിലായതിനാൽ വാഹനം ഇവിടേക്ക് വരില്ല. രമ്യയെ സ്ട്രെച്ചറിൽ ചുമന്നാണ് വല്ലപ്പോഴും ആശുപത്രിയിൽ കാണിക്കുന്നതെന്ന് അമ്മ മോളി പറയുന്നു. ആരോഗ്യ വകുപ്പോ, പട്ടികവർഗ വകുപ്പധികൃതരോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിവരം. ചെറുപ്രായത്തിൽത്തന്നെ രണ്ടു കാലുകളുടെയും സ്വാധീനം നഷ്ടമായി നിസ്സഹായാവസ്ഥയിൽ വീൽചെയറിൽ ജീവിതം തീർക്കുകയാണീ ആദിവാസി യുവതി.


