ദുരന്തബാധിതന് വീട് നിർമിച്ചു നൽകി വാട്സ് ആപ് കൂട്ടായ്മ
text_fieldsതിക്കോടി വികസന സമിതി വാട്സ് ആപ് കൂട്ടായ്മ അരപ്പറ്റയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ടി.സിദ്ദീക് എം.എൽ.എ
നിർവഹിക്കുന്നു
മേപ്പാടി: ഉരുൾ ദുരന്തത്തിൽ ഉറ്റവരെയും വീടും ജീവനോപാധികളും നഷ്ടപ്പെട്ട ചൂരൽമല സ്വദേശി പ്രശാന്തന് സുമനസ്സുകളുടെ സഹായത്താൽ സ്വന്തമായൊരു വീടായി. തിക്കോടി വികസന സമിതി വാട്സ്ആപ് കൂട്ടായ്മയാണ് അരപ്പറ്റയിൽ 900 സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം അഡ്വ.ടി.സിദ്ദീക് എം.എൽ.എ നിർവ്വഹിച്ചു.
ഗുരുവായൂരിലെ ചൂൽപ്പുറം കുടുംബ സംഗമം ചാരിറ്റബിൾ ട്രസ്റ്റ് അരപ്പറ്റ യിൽ സൗജന്യമായി വാങ്ങി നൽകിയ ആറ് സെന്റ് സ്ഥലത്താണ് 14 ലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ച് നൽകിയത്. ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജ്യേഷ്ഠൻ അടക്കം ഒന്നിലധികം കുടുംബാംഗങ്ങൾ, വീട്, ജീവനോപാധികൾ എല്ലാം നഷ്ടപ്പെട്ട് ഇനി എന്തു ചെയ്യുമെന്നറിയാതെ നിൽക്കുന്ന ഘട്ടത്തിൽ നല്ലൊരു വീട് ലഭിച്ചത് വലിയ ആശ്വാസമായെന്ന് പ്രശാന്തൻ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് വീടിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചത്. താക്കോൽദാനച്ചടങ്ങിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്തംഗം അജ്മൽ, ഗുരുവായൂർ ചൂൽപ്പുറം കുടുംബ സംഗമം ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ മുഹ്സിൻ എന്നിവരും സംബന്ധിച്ചു.