ഇബ്രാഹിമിെൻറ ജീവിതം ജയിലിൽ ഒടുങ്ങുമോ? ആധിെയാടുങ്ങാതെ കുടുംബം
text_fieldsമവോവാദി മുദ്രകുത്തി യു.എ.പി.എ ചുമത്തി വിയ്യൂർ ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന ഇബ്രാഹിമിെൻറ കുടുംബം
മേപ്പാടി: യു.എ.പി.എ എന്നാൽ എന്താണെന്നുപോലും അറിയാത്ത മേപ്പാടി മുക്കിൽപ്പീടികയിലെ ഇബ്രാഹിമിെൻറ കുടുംബം തീതിന്നുകയാണിപ്പോൾ. വടകര പയ്യോളിയിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ഇബ്രാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചു എന്ന വിവരം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഭാര്യ ജമീല പറയുന്നു. ആറുവർഷം മുമ്പാണിത്. പിന്നീട് ഒരിക്കൽ ഏതാനും മണിക്കൂർ മാത്രമാണ് ജയിലിൽ ഭർത്താവിനെ നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചത്.
ഇതിനിടെ, ഒരിക്കൽപോലും പരോളോ ജാമ്യമോ ലഭിച്ചിട്ടില്ല. കടുത്ത പ്രമേഹ രോഗത്തിനടിമയായ ഇബ്രാഹിം പല്ലുകൾ നഷ്ടപ്പെട്ട് ആഹാരംപോലും കഴിക്കാനാകാതെയാണ് തടവറയിൽ കഴിയുന്നത്. ഹൃദ്രോഗവും അലട്ടുന്നതിനാൽ അദ്ദേഹത്തെ ഇനി ജീവനോടെ കാണാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഭാര്യയും കുടുംബവും.
2015 ജൂലൈ 13ന് വടകര പയ്യോളിയിൽ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നാലെ യു.എ.പി.എയും ചുമത്തി.
67കാരനായ ഇബ്രാഹിം വിചാരണ തടവുകാരനായി ആറു വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന വിവരം ഇന്നലെ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഭർത്താവിന് ഏതെങ്കിലും മാവോവാദി സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്ന് ഭാര്യ പറയുന്നു. പല്ലുകൾ പറിച്ചുകളയേണ്ടി വന്നതിനാൽ നേരാംവണ്ണം ഭക്ഷണം കഴിക്കാൻപോലുമാകാതെ ജയിലിൽ ദുരിതമനുഭവിക്കുകയാണ്. യു.എ.പി.എ ചുമത്തി ജയിലിലടച്ചാൽ പിന്നെ തടവുകാരന് ഒരുവിധത്തിലുമുള്ള മനുഷ്യാവകാശങ്ങളുമില്ലേ എന്നും കുടുംബം ചോദിക്കുന്നു.
നിരോധിത മാവോവാദി സംഘടനയുമായി ബന്ധമാരോപിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ തങ്ങളുടെ വിഷമവും ആശങ്കയും ആരോടും വെളിപ്പെടുത്താൻപോലും കഴിയാതെ നിസ്സഹായാവസ്ഥയിലാണ് കുടുംബം. ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കാൻ വിചാരണകോടതി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുകയാണ് കുടുംബം.


