മുണ്ടക്കൈ ഉരുൾ ദുരന്തം സിനിമയാകുന്നു; ചിത്രീകരണ അനുമതി തേടി നിർമാണക്കമ്പനി
text_fieldsകൽപറ്റ: 2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻപ്രളയം അതേ പേരിൽ സിനിമ ആയപ്പോൾ വൻ ഹിറ്റ് ആയിരുന്നു. ഇതേ വഴിയിലാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലും. ലോകത്തെ തന്നെ നടുക്കിയ 298 പേർ മരിച്ച ഉരുൾദുരന്തവും സിനിമയാവുകയാണ്. കൊച്ചി ആസ്ഥാനമായ പറവ ഫിലിംസ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ തുടങ്ങിയത്. വയനാട്ടിലെ ഉരുൾബാധിത പ്രദേശങ്ങളിൽ ചിത്രീകരണം നടത്താൻ അനുമതി തേടി ഭാരവാഹികൾ വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് (ഡി.ഡി.എം.എ) അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് അപേക്ഷ കിട്ടിയതെന്നും ഇത് അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ പരിഗണനയിലാണെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 30നാണ് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയുടെയും ചൂരൽമലയുടെയും മേൽ ഉരുൾ പൊട്ടിയൊഴുകിയത്. 266 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 32 പേരെ കണ്ടെത്താനായിട്ടില്ല. ഇവരെ കൂടി, മരിച്ചതായി സർക്കാർ കണക്കാക്കിയപ്പോൾ ആകെ മരണം 298 ആയി.
നടൻ സൗബിൻ ഷാഹിറും ഷോൺ ആന്റണിയുമാണ് പറവ ഫിലിംസിന് നേതൃത്വം നൽകുന്നത്. കമ്പനി നിർമിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ നൂറുകോടി ക്ലബിലെത്തിയിരുന്നു. കൊടൈക്കനാലിലെ ഗുണ ഗുഹയിൽ മലയാളി യാത്രികൻ അപകടത്തിൽപെട്ട യഥാർഥ സംഭവത്തിന്റെ ആവിഷ്കാരമായിരുന്നു ചിത്രം.
ടൊവിനോ തോമസ് നായകനായ പ്രളയദുരന്തം പ്രമേയമായ ‘2018’ സിനിമയും മെഗാഹിറ്റായിരുന്നു. ഇതേപോലെ തന്നെ 2024ലെ മുണ്ടക്കൈ ഉരുൾദുരന്തവും സിനിമയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവിൽ ഉരുൾദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രവേശന വിലക്കുണ്ട്. പുറത്തുള്ളവർക്ക് റവന്യൂ വകുപ്പിൽനിന്ന് പ്രത്യേക അനുമതി വാങ്ങണം. ഇവിടെയുള്ള ചിത്രീകരണ അനുമതി സംബന്ധിച്ച് കലക്ടറുടെ തീരുമാനം സിനിമ പ്രവർത്തകരെ ഉടൻ അറിയിക്കും. അതേസമയം ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും വെളിപ്പെടുത്താനുള്ള സമയമായിട്ടില്ലെന്ന് ഷോൺ ആന്റണി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.