കാട്ടിക്കുളം-തിരുനെല്ലി റോഡിൽ ബൈക്ക് യാത്രക്കാർ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു
text_fieldsബൈക്ക് യാത്രികർക്കുനേരെ പാഞ്ഞടുക്കുന്ന കാട്ടാന
തിരുനെല്ലി: കാട്ടിക്കുളം-തിരുനെല്ലി റോഡിൽ കാട്ടാനയുടെ മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാവിലെ തിരുനെല്ലി ഭാഗത്തുനിന്ന് കാട്ടിക്കുളം ഭാഗത്തേക്ക് വരുന്ന കുടുംബമാണ് ആനയുടെ മുന്നിലകപ്പെട്ടത്. എടയൂർ ടിമ്പർ ഡിപ്പോക്കും തിരുനെല്ലി പൊലീസ് സ്റ്റേഷൻ കവലക്കും ഇടയിലുള്ള സ്ഥലമാണിത്. റോഡിന്റെ ഇടതു ഭാഗം ചേർന്ന് പോവുകയായിരുന്ന ബൈക്ക് യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.
എതിർദിശയിലെ കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വേഗത്തിൽ ഓടിച്ചു പോകുന്ന ബൈക്കിനു പിറകിൽ ആന പാഞ്ഞടുക്കുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. ചെറിയ കുട്ടിയുൾപ്പെടെ മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരോ കാറിൽ സഞ്ചരിച്ചവരോ വിവരം തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. വൈകീട്ടോടെ വനപാലകർ പ്രദേശത്തെത്തി പരിശോധന നടത്തി.
തിരുനെല്ലി-കാട്ടിക്കുളം റോഡിൽ സ്ഥിരമായി ഉണ്ടാവാറുള്ള വാലു മുറിഞ്ഞ ആനയാണ് ബൈക്കിനു നേരെ പാഞ്ഞടുത്തത്. വന മേഖലക്കിടയിലൂടെയുള്ള റോഡാണിത്. വനപാതയിൽ വാഹനം നിർത്തി ഫോട്ടോയെടുത്തും ഹോൺ മുഴക്കിയും ചിലർ വന്യജീവികളെ പ്രകോപിപ്പിക്കാറുണ്ട്. പിന്നീട് ഇതുവഴി സഞ്ചരിക്കുന്നവരാണ് ഇതിന്റെ ഇരയാവുക. കാട്ടാനയുടെ മുന്നിലകപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് വനപാലകർ പറഞ്ഞു.