പാലത്തിന് കാത്ത് രണ്ട് ഗ്രാമങ്ങൾ
text_fieldsപാലിയാണയിലെ താൽക്കാലിക പാലം
പടിഞ്ഞാറത്തറ: പുഴയോട് ചേർന്ന രണ്ട് ഗ്രാമങ്ങൾ പാലത്തിന് കാത്തിരിക്കുന്നു. പടിഞ്ഞാറത്തറ-വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിലെ പാലിയാണ, തേർത്ത്കുന്ന് പ്രദേശവാസികളാണ് കാൽ നൂറ്റാണ്ടിലേറെയായി കാത്തിരിപ്പ് തുടരുന്നത്. പാലിയാണയിലാണ് പാലം ഉയരേണ്ടത്.
പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ, കൽപറ്റ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പമാകും ഇവിടെ പാലം വന്നാൽ. പാലമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തി വേണം മറ്റിടങ്ങളിലേക്ക് പോവാൻ. പാലം വന്നാൽ തേർത്ത് കുന്ന് ഭാഗക്കാർക്ക് മാനന്തവാടി ഉൾപ്പെടെ ടൗണിലേക്ക് പോകാൻ കഴിയും. വിദ്യാർഥികൾ, ആദിവാസി കുടുംബങ്ങളും മറ്റും പാലമില്ലാത്തതിനാൽ ദൂരം താണ്ടേണ്ടിവരുന്നു.
മഴക്കാലമായാൽ ദുരിതം കൂടും. നാട്ടുകാർ സ്വന്തം നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് അപകടം നിറഞ്ഞ യാത്ര. വർഷകാലത്ത് ഈ പാലം ഒലിച്ചുപോകും. വേനലാവുന്നതോടെ നാട്ടുകാർ പിരിവിട്ട് മരപ്പാലം പണിയും. കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലത്തിൽ അതിർത്തി സ്ഥലങ്ങളായതിനാൽ പലപ്പോഴും ഫണ്ട് വിനിയോഗത്തിൽ ആശയകുഴപ്പമുണ്ടാകുന്നുണ്ട്.
രണ്ട് മണ്ഡലങ്ങളിലെയും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾ സഹകരിച്ചാൽ എളുപ്പത്തിൽ കോൺക്രീറ്റ് പാലം നിർമിക്കാമെന്ന് നാട്ടുകാർ പറയുന്നു. വിവിധ ഫണ്ടുകൾ ഏകീകരിച്ച് പാലം നിർമാണത്തിന് ശ്രമിക്കുമെന്ന് പടിഞ്ഞാറത്ത പഞ്ചായത്ത് നാലാം വാർഡ് മെംബർ ഈന്തൻ മുഹമ്മദ് ബഷീർ പറഞ്ഞു.