85ാം വയസ്സിലും മോഹനേട്ടൻ സ്ഥാനാർഥി
text_fieldsമോഹനൻ
പനമരം: 85ാം വയസ്സിലും ടി. മോഹനെന്ന മോഹനേട്ടൻ തെരഞ്ഞെടുപ്പ് ഗോദയിലാണ്. 47 വർഷം തുടർച്ചയായി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് ഒരു തവണ മാത്രമാണ് പരാജയം അറിഞ്ഞത്. ഇത്തവണ പനമരം പഞ്ചായത്തിലെ 21 എടുത്തുംകുന്ന് വാർഡിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി കുറുമ്പാലകോട്ട സ്വദേശിയായ ടി. മോഹനൻ മത്സരിക്കുന്നത്.
1978ൽ വിളമ്പുകണ്ടം വാർഡിൽനിന്നായിരുന്നു തുടക്കം. 1995ൽ പരിയാരം വാർഡിൽനിന്ന് ജി. പ്രതാപ് ചന്ദ്രനോട് 35 വോട്ടിനു തോറ്റത് മാത്രമാണ് തെരഞ്ഞെടുപ്പിലെ ഇദ്ദേഹത്തിന്റെ പരാജയം. 47 വർഷത്തിനിടക്ക് പല വാർഡുകളിലായി മാറി മാറിയായിരുന്നു മത്സരം. തുടക്കം ആർ.എസ്.പിയിലെ ബേബി ജോണിന്റെ കൂടെയായിരുന്നു. പിന്നീട് എം.വി. രാഘവനുമായി ചേർന്ന്. അത് കഴിഞ്ഞാണ് സി.പി.എം പാളയത്തിലെത്തുന്നത്. 17 വർഷം പ്രസിഡന്റായും ഏറെ കാലം വൈസ് പ്രസിഡന്റായും ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ജീവസ്സുറ്റതാക്കി. ഇനിയുമൊരു അങ്കത്തിനുള്ള കരുത്തുണ്ടെന്ന് മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറുമ്പാല മലയിലെ പരേതരായ കുഞ്ഞാണ്ടി നായരുടെയും ഓമന അമ്മയുടെയും മകനാണ്.


