കോടതി വിധി പ്രതികൂലം; നിക്ഷിപ്ത വനഭൂമിയിലെ അവകാശം കൈയൊഴിഞ്ഞ് വനംവകുപ്പ്
text_fieldsഒത്തുതീർപ്പ് പ്രകാരം തങ്ങൾക്ക് ലഭിച്ച ഭൂമിയിൽ ആദിവാസി കുടുംബങ്ങൾ നിർമിച്ച കുടിലുകൾ
മേപ്പാടി: കോട്ടപ്പടി വില്ലേജിൽപ്പെട്ട പൂത്തകൊല്ലിയിലെ പതിനൊന്നര ഏക്കറോളം വരുന്ന നിക്ഷിപ്ത വനഭൂമി വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനൊടുവിൽ മുൻ കൈവശക്കാരന് ഒഴിഞ്ഞ് കൊടുത്ത് വനംവകുപ്പ്
സ്വകാര്യ വ്യക്തിക്കായി പൂത്തക്കൊല്ലിയിലെ ഭൂമി അളക്കുന്ന സർവേ സംഘം
ഏറ്റെടുത്ത ഭൂമി സംരക്ഷിക്കാൻ വനംവകുപ്പിന് കഴിയാതെ വന്നതോടെ കോടതി ഉത്തരവനുസരിച്ച് സ്വകാര്യ വ്യക്തിക്ക് കൈമാറാൻ നിർബന്ധിതരാവുകയായിരുന്നു. കേരള ഭൂപരിഷ്കരണ നിയമമനുസരിച്ച് റവന്യൂ വകുപ്പ് ചെമ്പ്ര എസ്റ്റേറ്റിൽനിന്ന് മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലമാണിത്. അന്നിത് ഭൂരഹിതർക്ക് വിതരണം ചെയ്യാനായി ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു. വിതരണം ചെയ്യാതെ കിടന്ന സ്ഥലം 1971ലെ കേരള വനനിയമമനുസരിച്ച് വനം വകുപ്പ് നിക്ഷിപ്ത വനഭൂമിയിലുൾപ്പെടുത്തി ഏറ്റെടുക്കുകയായിരുന്നു. കുറെ ഭാഗം കൈയേറുകയുമുണ്ടായി.
വനംവകുപ്പ് ഏറ്റെടുത്തതു മുതൽ ഈ ഭൂമി ലീസിനെടുത്ത് കൈവശം വെച്ചിരുന്നയാൾ എന്നവകാശപ്പെട്ട് ഭൂമിയിൽ അവകാശവാദമുന്നയിച്ച കൽപറ്റ സ്വദേശിയായ വ്യക്തി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ വ്യക്തിക്കനുകൂലമായി 2006ൽ ഹൈകോടതി വിധിയുമുണ്ടായി. അതിനെതിരെ വനംവകുപ്പ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ആ കേസിലാണ് സ്വകാര്യ വ്യക്തിക്കനുകൂലമായി അടുത്തിടെ വിധിയുണ്ടായത്. ഇതേ ഭൂമിയിൽ 2010ൽ എ.കെ.എസ് കൈയേറ്റ സമരം നടത്തുകയും 20ൽപ്പരം ആദിവാസി കുടുംബങ്ങൾ ഇതിൽ കുടിൽ കെട്ടി താമസമാക്കുകയും ചെയ്തിരുന്നു. ഭൂമി സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതറിയാതെയാണ് എ.കെ.എസ് ഭൂസമരം നടത്തിയത്.
കുടിൽ കെട്ടി താമസമാക്കിയ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറണമെന്നാണ് കോടതി വിധി. അതനുസരിച്ച് കുടുംബങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ ശ്രമിക്കുകയും ചെയ്തു.എന്നാൽ സി.പി.എം, .എ.കെ.എസ്. നേതൃത്വം തടസ്സമുന്നയിച്ചു. ഇതോടെ സ്വകാര്യ വ്യക്തി സംഘടനകളുമായുണ്ടാക്കിയ ഒത്തുതീർപ്പിനൊടുവിൽ ആകെയുള്ള 11.48 ഏക്കർ ഭൂമിയിൽനിന്ന് 1.80 ഏക്കർ ഭൂമി കൈവശക്കാരൻ അളന്ന് ആദിവാസികൾക്കായി വിട്ടു കൊടുക്കുകയും ചെയ്തു. ഒരു കുടുംബത്തിന് ഏഴ് സെന്റ് വീതം രജിസ്റ്റർ ചെയ്ത് കൈവശം കൊടുക്കാനാണ് ധാരണയിലെത്തിയത്. അതിൻ പ്രകാരം ലഭിച്ച ഭൂമിയിൽ ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടിക്കൊണ്ടിരിക്കുകയാണിപ്പോൾ.
പഴയ കൈവശക്കാരന് അനുകൂലമായി അടുത്തിടെ സുപ്രീം കോടതിവിധി ഉണ്ടായതോടെ ഭൂമിയിൽ വനംവകുപ്പിന് അവകാശം നഷ്ടമായി. മിച്ചഭൂമിയായി സ്ഥലം ഏറ്റെടുത്ത റവന്യൂ വകുപ്പിനും അതിനെ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റിയ വനം വകുപ്പിനും ആ ഭൂമി സംരക്ഷിക്കാൻ കഴിയാതെ വന്നതു സംബന്ധിച്ച ചോദ്യങ്ങളാണിപ്പോൾ ഉയരുന്നത്.


