ചെറുപഴത്തിന് റെക്കോഡ് വില
text_fieldsപനമരത്തെ പഴക്കട
പനമരം: ചെറുപഴത്തിന് റെക്കോഡ് വില. കിലോക്ക് 30 മുതൽ 40 രൂപക്ക് വരെ വാങ്ങാൻ കിട്ടിയിരുന്ന പഴത്തിന് ഇപ്പോൾ 50 മുതൽ 70 രൂപ വരെയായി. പൂവൻ, മൈസൂർ, ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് വയനാട്ടിൽ അധികവും കൃഷി ചെയ്യുന്നത്. വീടിനു ചുറ്റും വാഴകൃഷി ചെയ്താണ് വീട്ടാവശ്യങ്ങൾ നിറവേറ്റിയിരുന്നത്. പലരും വരുമാനം പ്രതീക്ഷിച്ച് കൃഷി ചെയ്യുന്നുമുണ്ട്. ഇത്തരക്കാർക്ക് അതൊരു വരുമാന മാർഗവുമായിരുന്നു. ഉപഭോക്താക്കൾക്കും ചെറിയ വിലക്ക് പഴം ലഭിച്ചിരുന്നു. എന്നാൽ, ജനവാസ കേന്ദ്രങ്ങളിൽ കുരങ്ങുശല്യം ഏറിയതോടെ വാഴകൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ഇതോടെ വീട്ടാവശ്യങ്ങൾക്കുപോലും ചെറുപഴം കിട്ടാതെയായി. താരതമ്യേന വനാതിർത്തി പ്രദേശങ്ങളിലാണ് വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. വന്യമൃഗശല്യം വർധിച്ചതു കാരണം ആ മേഖലയും കൃഷിക്ക് അനുയോജ്യമല്ലാതായി.
വാഴ നടുന്നതോടെ തന്നെ തുടങ്ങും പന്നിയുടെ ശല്യം. പിന്നീട് കുരങ്ങും ആനയും എത്തും. ഇതോടെ വാഴകൃഷിയിലും രക്ഷയില്ലാതായി. കടകളിൽ ചെറുപഴം കിട്ടാതായതോടെ വിലയും കൂടി. ചെറുകിടക്കാരായ കൃഷിക്കാർക്ക് വാഴകൃഷി വരുമാന മാർഗമായിരുന്നു. കർണാടകയിൽ ചെറു പഴത്തിനു ഡിമാൻഡ് കൂടിയതും വിലക്കയറ്റത്തിനു കാരണമായി.