പച്ചിലക്കാട് പടിക്കംവയലിൽ കടുവ ഭീതി; മുഴുവൻ സമയ നിരീക്ഷണവുമായി അധികൃതർ
text_fieldsഡ്രോൺ കാമറയിൽ പതിഞ്ഞ കടുവ
പനമരം: പച്ചിലക്കാട് പടിക്കം വയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഉന്നതിയിലെ വിനു തൊട്ടടുത്ത പ്രദേശത്തിലൂടെ കടുവ നടന്നു പോകുന്നത് കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. നോർത്ത് വയനാട് ഡിവിഷൻ മാനന്തവാടി റേഞ്ച് വെള്ളമുണ്ട സെക്ഷനിൽ പടിക്കംവയലിൽ ജോണി തൈപ്പറമ്പിൽ എന്നയാളുടെ സ്വകാര്യ കൃഷിയിടത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.
കമ്പളക്കാട് പൊലീസും വെള്ളമുണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചതിനെ തുടർന്ന് കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞു. കടുവ തൊട്ടടുത്ത തോട്ടത്തിലേക്കാണ് കടന്നുപോയത്. പരിശോധന നടത്തിയെങ്കിലും വൈകുന്നേരം വരെ കടുവയെ കണ്ടെത്താനായിട്ടില്ല. കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭയപ്പാടിലാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. പച്ചിലക്കാട് പ്രദേശത്തെ കടകമ്പോളങ്ങൾ തുറന്നങ്കിലും ആളുകൾ പുറത്തിറങ്ങാതെയായി. തൊട്ടടുത്ത പ്രദേശമായ കണിയാമ്പറ്റ മില്ലുമുക്ക് കൂടോത്തുമ്മലിലും കടുവപ്പേടിയിലായി. കടുവയെ കണ്ട സ്വകാര്യതോട്ടത്തിലെ ഇലക്ട്രിക് ടവറിന് കീഴിൽ കടുവ വിശ്രമിക്കുന്ന ദൃശ്യം ഡ്രോൺ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുമെന്നും കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മാനന്തവാടി, കൽപറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണും മറ്റും ഉപയോഗിച്ചുള്ള പരിശോധന തുടരുന്നുണ്ട്. കമ്പളക്കാട്, പനമരം പൊലീസും സ്ഥലത്തുണ്ട്. ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ മാർഗ നിർദേശപ്രകാരമുള്ള ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള നിർദേശം ഉത്തരമേഖലാ സി.സി.എഫ് മുമ്പാകെ നോർത്ത് വയനാട് ഡി.എഫ്.ഒ നൽകും. ഈ ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തുടർ നടപടികൾ സ്വീകരിക്കുക.
കടുവ ജനവാസ കേന്ദ്രത്തിൽ എങ്ങനെയെത്തി?
പച്ചിലക്കാട്ടെ ജനവാസ കേന്ദ്രത്തിൽ കടുവ എങ്ങനെയെത്തി എന്നതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്ന ചോദ്യം. പച്ചിലക്കാട്നിന്ന് വനത്തിലേക്ക് ഏകദേശം ആറ് കിലോമീറ്റർ ദൂരമുണ്ട്. പ്രദേശങ്ങളിൽ അധികവും വയൽ പ്രദേശമാണ്. അതുകൊണ്ടുതന്നെ കടുവക്ക് വനപ്രദേശമായ നടവയൽ-നെയ്ക്കുപ്പയിൽ നിന്ന് എളുപ്പത്തിലെത്തിച്ചേരാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മാസങ്ങൾക്ക് മുമ്പ് വനപ്രദേശത്തിനോട് ചേർന്ന നെയ്ക്കുപ്പ എ.കെ.ജി കവലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. അന്ന് കടുവയെ കണ്ടെത്താനായിരുന്നില്ല.


