കാട്ടാന കൃഷി നശിപ്പിച്ചു; ആത്മഹത്യ ഭീഷണിയുമായി കർഷകൻ
text_fieldsകാട്ടാന നശിപ്പിച്ച കണ്ണന്റെ വാഴകൃഷി
പനമരം: പാതിരിയമ്പത്ത് കാട്ടാനയിറങ്ങി പാതിരിയമ്പം പുടിയോത്ത് കണ്ണന്റെ ആയിരം വാഴകൾ നശിപ്പിച്ചു. ബുധനാഴ്ച പകൽ മുഴുവൻ വാഴക്ക് വളവുമിട്ട് വെള്ളവും ഒഴിച്ച് രാത്രി 12 മണി വരെ വാഴത്തോട്ടത്തിലെ ഷെഡിൽ കണ്ണനുണ്ടായിരുന്നു.
എന്നാൽ, രാവിലെ കണ്ടത് കാട്ടാനകൾ വാഴകൾ നശിപ്പിച്ചതാണ്. ഒന്നരയേക്കർ വയലിൽ കടം വാങ്ങിയും പലിശക്കെടുത്തും പാട്ടത്തിന് കൃഷി ചെയ്തതാണ് ഗോത്ര വിഭാഗക്കാരനായ കണ്ണൻ കുടുംബം പോറ്റുന്നത്.
വ്യാഴാഴ്ച രാവിലെ വനംവകുപ്പ് ഔട്ട് പോസ്റ്റ് കെട്ടിടത്തിന് മുകളിൽ കയറി കണ്ണൻ ആത്മഹത്യ ഭീഷണി മുഴക്കിയത് ഏറെ നേരം ആശങ്കയുണ്ടാക്കി. ചെതലയം റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് കണ്ണൻ താഴെയിറങ്ങിയത്. നഷ്ടപരിഹാരത്തുക എത്രയും വേഗം ലഭ്യമാക്കാൻ തീരുമാനമായി.
ആദ്യഗഡു അടുത്ത ദിവസം തന്നെ നൽകും. പാതിരിയമ്പം ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.