ചീരാലിലെ ആദിവാസി ഭൂമി കൈയേറൽ; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകല്പറ്റ: ഭൂമി കൈയേറ്റത്തിനെതിരേ ആദിവാസികള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചീരാല്‍ കഴമ്പുകുന്ന് പണിയ ഊരിലെ പോളനും അവകാശികളും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി നിര്‍ദേശിച്ചതനുസരിച്ച് അമ്പലവയല്‍ പൊലീസാണ് വിഷയം അന്വേഷിക്കുന്നത്. കഴമ്പുകുന്നില് പോളന്റെ പിതാവിന്റെ കൈവശത്തില്‍ രണ്ട് ഏക്കര്‍ കരയും നാല് ഏക്കര്‍ വയലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ വയലും കരയുമടക്കം 1.40 ഏക്കര്‍ അന്യാധീനപ്പെട്ടതായി റീസര്‍വേയിലാണ് വ്യക്തമായത്. 1988ല്‍ കഴമ്പുകുന്നില് അനുവദിച്ച ഡ.ബ്ല്യു.സി.എസ് പട്ടയ പ്രകാരം ഉള്ളതിനുപുറമേ രണ്ട് ഏക്കര്‍ വയല്‍ കൈവശത്തില്‍ ഉണ്ടായിരുന്നു. സ്വകാര്യവ്യക്തി ഇഞ്ചി നടുന്നതിന് പാട്ടത്തിനെടുത്ത ഈ സ്ഥലം തിരികെ ഏല്‍പ്പിച്ചില്ല. അതിനാല്‍ ഈ ഭൂമിക്ക് പട്ടയം നേടാനായില്ല.
കൈവശമുണ്ടായിരുന്ന കരഭൂമിയുടെ ഭാഗം കൈയേറി ചിലര്‍ കച്ചവടം നടത്തുന്നുണ്ട്. കഴമ്പുകുന്നിലെ അഞ്ച് സെന്റ് കാവുഭൂമി റീസര്‍വേയില്‍ അളന്നുകിട്ടിയില്ല. അവകാശപ്പെട്ട മുഴുവന്‍ ഭൂമിയും അളന്നുതിരിച്ച് കിട്ടുന്നതിന് ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പോളന്, മറ്റ് അവകാശികളായ തൂക്കന്, ഗോപി, ആദിവാസി ഗോത്രമഹാസഭ നേതാവ് രമേശ് കൊയാലിപ്പുര എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


