പൊഴുതനയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്
text_fieldsപൊഴുതന: പൊഴുതനയിൽ തുടർച്ചയായുണ്ടാവുന്ന കാട്ടാന ആക്രമണം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഇന്നലെ രാവിലെ മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികന് ഗുരുതര പരിക്ക്. മേൽമുറി സ്വദേശി മോനി മാടമന (70)യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയപ്പോൾ കട്ടാന ആക്രമിക്കുകയായിരുന്നു.
2018ലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്താണ് കാട്ടാന ആക്രമണമുണ്ടായത്. ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കാലുകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ മോനിയെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ഡ്രോൺ തിരച്ചിൽ നടത്തുകയും ചെയ്തു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പുമായി നടത്തിയ ചർച്ചയിൽ വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഫെൻസിങ് സൗകര്യവും രാത്രിയിൽ കൂടുതൽ വാച്ചർ മാരെ ഉൾപ്പെടുത്തി രാത്രികാല പെട്രോളിങ്ങും നടത്തുമെന്നും പരിക്കേറ്റവർക്കുള്ള ധനസഹായം ഉറപ്പു നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പൊഴുതന ടൗണിൽ ഇറങ്ങിയ കാട്ടാനകൾ നിരവധി വാഹനങ്ങളും വീടും തകർത്തിരുന്നു. .