അനുശ്രീയുടെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസനിധിയിലേക്ക്
text_fieldsദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് അനുശ്രീയുടെ സമ്പാദ്യങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. ഷാജിയെ ഏൽപിക്കുന്നു
പൊഴുതന: അച്ചൂരാനം ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി അനുശ്രീയുടെ സമ്പാദ്യം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ വേണ്ടി സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. ഷാജിയെ ഏൽപിച്ചു. അനുജത്തി ആദിശ്രീയുടെ ഒന്നാം പിറന്നാളിന് സമ്മാനം നൽകാൻ നേരത്തെ തന്നെ സ്വരൂപിച്ചു തുടങ്ങിയ സമ്പാദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
അച്ഛനും അമ്മയും ബന്ധുക്കളും നല്കിയ ചെറിയ തുകകൾ കുടുക്കയില്‍ സ്വരുക്കൂട്ടി വരുകയായിരുന്നു അനുശ്രീ. ഈ സമ്പാദ്യമാണ് നാടിന്റെ നന്മക്കായി സംഭാവന ചെയ്തത്. സ്കൂൾ ഹെഡ്മാസ്റ്ററും അധ്യാപകരും അനുശ്രീയെ അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണിതെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.വി. റഷീദ് പറഞ്ഞു. സുഗന്ധഗിരി സ്വദേശിയായ പി. അനൂപിന്റെയും രാഗിമോളുടെയും മകളാണ് അനുശ്രീ.