സുഗന്ധഗിരി ആശുപത്രി കെട്ടിടം നിർമാണം തുടങ്ങിയില്ല
text_fieldsസുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ കെട്ടിടം
പൊഴുതന: നാനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജില്ലയിലെ വലിയ പട്ടികവർഗ മേഖലയായ സുഗന്ധഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ പണി ഇനിയും തുടങ്ങിയില്ല. സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് ചികിത്സ തേടിയെത്തുന്നവരെ ദുരിതത്തിലാക്കുന്നു.
2022ൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ ഒരു കോടി രൂപയാണ് ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ചത്. ഫണ്ട് അനുവദിച്ച് രണ്ടുവർഷം പൂർത്തിയായിട്ടും നിർമാണം ചുവപ്പുനാടയിലാണ്. സ്വന്തമായി കെട്ടിടം ഇല്ലാതായതോടെ മാസങ്ങളായി പ്ലാന്റേഷൻ ഭാഗത്ത് സന്നദ്ധ സംഘടന നിർമിച്ചുനൽകിയ കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ആശുപത്രിയുടെ സ്വന്തം സ്ഥലം കാടുകയറിയ നിലയിൽ
സംസ്ഥാന സർക്കാർ 2019- 2020 വർഷത്തിൽ ആർദ്രം മിഷന്റെ ഭാഗമായാണ് സുഗന്ധഗിരി ഉൾപ്പെടെ ജില്ലയിലെ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.പൊഴുതന പഞ്ചായത്തിലെ ആദിവാസി മേഖലയായ സുഗന്ധഗിരി പ്ലാന്റേഷനിൽ പ്രവർത്തിച്ചിരുന്ന അരനൂറ്റാണ്ടോളം പഴക്കമുള്ള ആരോഗ്യകേന്ദ്രം ഏതാനും മാസം മുമ്പാണ് നശിച്ചത്. നിലവിൽ കാടുമൂടിയ അവസ്ഥയിലാണ് ഹെൽത്ത് സെന്ററിന്റെ സ്ഥലമുള്ളത്.
സ്വന്തമായി കെട്ടിടം ഇല്ലാതായതോടെ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പ്ലാന്റേഷൻ സ്കൂളിലും പിന്നീട് സമീപത്തെ സന്നദ്ധ സംഘടന നിർമിച്ചുനൽകിയ വീട്ടിലേക്കും മാറ്റുകയായിരുന്നു.നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളാണുള്ളത്. ആദിവാസികൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. രോഗനിർണയത്തിന് ആവശ്യമായ ഉപകരണങ്ങൾ, ലബോറട്ടറി, ഫർണിച്ചർ, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം പരിമിതമാണ്.വൈത്തിരി പഞ്ചായത്തിലെ ഏതാനും കുടുംബങ്ങളും ചികിത്സക്കായി സുഗന്ധഗിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.