കാടിറങ്ങി ആനയും പുലിയും, ഭീതിയോടെ മലയോര വാസികൾ
text_fieldsകഴിഞ്ഞ ദിവസം പൊഴുതന മേഖലയിലെത്തിയ ആനകൂട്ടം
പൊഴുതന: പുലിയും ആനയും കാടിറങ്ങുന്നത് പതിവായതോടെ തരിയോട്, പൊഴുതന മേഖലകളിലെ മലയോരവാസികൾ ഭീതിയിൽ. ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തിയും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായും വന്യമൃഗശല്യം രൂക്ഷമാകുകയാണ്. പുലി, പന്നി, പോത്ത്, ആന എന്നിവയുടെ ശല്യമാണ് ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണ്.
രണ്ട് പേരാണ് അടുത്തിടെ കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇതിനുപുറമെ ഹെക്ടർ കണക്കിന് കൃഷിനാശവുമുണ്ട്. തോട്ടം തൊഴിലാളികൾ കൂടുതലുള്ള പാറക്കുന്ന്, കല്ലൂർ, ആനോത്ത് ഭാഗങ്ങളിൽ പുലിയും പന്നികളുമാണ് ശല്യക്കാർ. ഒരാഴ്ച്ചയാകിടെ രണ്ട് വളർത്ത് മൃഗങ്ങളെയാണ് പുലി ഈ ഭാഗത്ത് കൊന്നത്. കറുവൻത്തോട് ഭാഗത്ത് പുലിയെ പലപ്പോഴും കാണുന്നതായി നാട്ടുകാർ പറയുന്നു.
അമ്മാറ, പപ്പല റോഡിലും പന്നികളുടെ ശല്യം രൂക്ഷമാണ്. സുഗന്ധഗിരി ആദിവാസി മേഖലകളിലും സ്ഥിതി രൂക്ഷമാണ്. ആനകൾ ജനവാസ മേഖലയിൽ വിഹരിക്കുമ്പോഴും വൈദ്യുതിവേലി നിർമാണം പാതി വഴിയിൽ നിലച്ചു. സമയബന്ധിതമായി ഫെൻസിങ്ങ് നിർമാണം പൂർത്തിയാക്കുമെന്ന് എം. എൽ. എ പറഞ്ഞിരുന്നതാണ്. പുലി ഭീതിയെ തുടർന്ന് കാട്പിടിച്ച കല്ലൂർ പ്രദേശത്തെ തേയില തോട്ടം മാനേജ്മെന്റ് വെട്ടി നന്നാക്കൽ ആരംഭിച്ചിട്ടുണ്ട്.
പുഴമൂല കാപ്പിക്കാട് വീണ്ടും കാട്ടാനയിറങ്ങി
മേപ്പാടി: ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽപ്പെട്ട പുഴമൂല, കാപ്പിക്കാട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമെന്ന് നാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെയും പ്രദേശത്ത് കാട്ടാനകളിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
പുലി സാന്നിദ്ധ്യവും പ്രദേശത്തു പതിവാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പ്രതിരോധിക്കാൻ നടപടികളുണ്ടാകുന്നില്ല എന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.