കടപുഴകി വീണ മരങ്ങൾ നീക്കിയില്ല; മാലിന്യം അടിഞ്ഞുകൂടി പൊഴുതന പുഴ
text_fieldsപൊഴുതന: പൊഴുതന പള്ളി പുഴയുടെ സമീപം തടയണയുടെ ഭാഗത്ത് പുഴയിലേക്ക് കടപുഴകി വീണ കൂറ്റൻ മരം നീക്കം ചെയ്യാത്തതുമൂലം പുഴക്കരയിൽ താമസിക്കുന്ന കുടുംബങ്ങൾ ദുരിതത്തിൽ. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തടയണയുടെ സമീപത്താണ് മാസങ്ങൾക്ക് മുമ്പ് കൂറ്റൻ മരം പുഴയിലേക്ക് കടപുഴകി വീണത്. ഇത് നീക്കം ചെയ്യാനാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. മഴ ശക്തമായാൽ മുകൾ ഭാഗത്തുനിന്ന് ഒഴുകിവരുന്ന മാലിന്യം പുഴയിലേക്ക് വീണു കിടക്കുന്ന മരങ്ങളിൽ അടിഞ്ഞു കൂടും.
മൈലമ്പാത്തി, പൊഴുതന എന്നീ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളമാണിത്. ഇതിനുപുറമെ മരങ്ങൾ വീണു കിടക്കുന്നതിനു താഴെ ഭാഗത്തു നിർമിച്ച തടയണയുടെ സുരക്ഷക്ക് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. പുഴയിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.