ഊരാംകുന്നിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടുകളിൽ കഴിയുന്നത് നൂറോളം കുടുംബങ്ങൾ
text_fieldsഊരാംകുന്ന് നിവാസികളുടെ വീട്
പൊഴുതന: പിണങ്ങോട് ടൗണിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഊരാംകുന്ന് ഉന്നതിയിലെത്താം. കാലപ്പഴക്കത്താൽ ക്ഷയിച്ച വീടുകൾ, അടച്ചുറപ്പില്ലാത്ത ശുചിമുറികൾ, എങ്ങുമെത്താത്ത കുടിവെള്ള പദ്ധതികൾ അങ്ങനെ എണ്ണിയാൽ തീരാത്ത അടിസ്ഥാന പരിമിതികൾ ഇവിടെയെത്തുന്നവരുടെ നേർകാഴ്ചയാണ്. പട്ടികവർഗ കോളനിക്കാരുടെ ഉന്നമനത്തിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഊരാംകുന്ന് ഉന്നതിയിൽ മാത്രം അവയൊന്നും എത്താറില്ലെന്ന പരിഭവം ഉന്നതിക്കാർക്കുണ്ട്.
പൊഴുതന ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഊരാംകുന്ന് ഉന്നതിയിൽ നൂറോളം പണിയ കുടുംബങ്ങളാണ് തിങ്ങിത്താമസിക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് ലഭിച്ച മിക്ക വീടുകളും വാസയോഗ്യമല്ല. ഭിത്തികൾ ക്ഷയിച്ച് മഴപെയ്താൽ ചോർന്നൊലിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടുകളിൽ പലതിലും രണ്ടുംമൂന്നും കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ കുടുംബങ്ങളുടെ എണ്ണം ഇരട്ടിയായി വർധിച്ചെങ്കിലും സ്ഥലപരിമിതി മൂലം നിലവിൽ ഉണ്ടായിരുന്ന വീടുകളിൽ തന്നെ കഴിയേണ്ട സ്ഥിതിയാണ് പലർക്കും.
ഓരോ കുടുംബത്തിനും രണ്ടു മുതൽ മൂന്ന് വരെ സെന്റാണ് ആകെ ഭൂമിയുള്ളത്. ഇതിലാണ് പഞ്ചായത്തിന്റെ 400 സ്ക്വയർ ഫീറ്റ് വീട്. ഉപയോഗിക്കുന്ന ശുചിമുറികൾ പലതും വാതിലുകൾ പോലും ഇല്ലാതെ തുണി വെച്ച് മറച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് പാർട്ടികളും സ്ഥാനാർഥികളും നൽകുന്ന വാഗ്ദാനങ്ങള്‍ ജലരേഖയാണ് ഈ ഉന്നതിയിൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കുടിവെള്ളം, വീടുകൾ, നടപ്പാത തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
പട്ടികവർഗ കുടുംബങ്ങൾക്ക് പുറമേ ജനറൽ വിഭാഗങ്ങളും ഊരാംക്കുന്ന് ഉന്നതിയിൽ താമസിക്കുന്നുണ്ട്. പുതിയ വീട് ലഭിക്കുന്നതിനു നേരത്തേ അപേക്ഷ നൽകിയെങ്കിലും പല വീടുകളുടെയും മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തിയത്. പ്രധാനപാതയില്‍നിന്നു കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ലാത്തതും പലപ്പോഴും രോഗികളെയുൾപ്പെടെ താഴെയെത്തിക്കാൻ ബുദ്ധിമുട്ടുന്നു. സ്ഥലപരിമിതിയാണ് കോളനിക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്നം. തങ്ങളുടെ ദുരിതങ്ങൾക്ക് എന്നെങ്കിലും പരിഹാരമാവുമുണ്ടാകുമോ എന്നാണ് ഊരാംകുന്ന് നിവാസിനികൾ ചോദിക്കുന്നത്.