ദുരിതപ്പെയ്ത്തിൽ ജീവിതം വലിച്ചുകെട്ടിയ ഷെഡ്ഡിനുള്ളിൽ
text_fieldsറോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വായനംകുന്ന് ഉന്നതിയിലെ ഷെഡുകൾ
പൊഴുതന: ഈ പെരുമഴക്കാലത്തും വായനംകുന്ന് ഉന്നതിയിലെ നിവാസികൾക്ക് പങ്കുവെക്കാൻ സങ്കടങ്ങൾ ഏറെയാണ്. വാസയോഗ്യമായ വീടില്ലാതെ, കുടിവെള്ളമില്ലാതെ, ശുചിമുറികളില്ലാതെ ദുരിതവുമായി മല്ലിടുകയാണ് ഇവിടത്തെ നിരവധി കുടുംബങ്ങൾ. പിണങ്ങോട് ഇടിയംവയൽ റൂട്ടിൽ റോഡിന് സമീപത്തായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിനുള്ളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ ജീവിതം ആരെയും സങ്കടപ്പെടുത്തുന്നതാണ്. തങ്ങള്‍ നേരിടുന്ന ഈ ദുരിതങ്ങളെല്ലാം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വോട്ട് തേടിയെത്തുന്നവരോട് പരാതിപ്പെടുമെങ്കിലും പരിഹാരം ഇന്നും അകലെയാണെന്ന് കുടുംബങ്ങൾ പറയുന്നു.
പൊഴുതന പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വായനംകുന്ന് ഉന്നതിയിൽ ആകെ ആറ് വീടുകളിലായി പതിനൊന്നോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഉന്നതിയിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കോൺക്രീറ്റ് കെട്ടിടങ്ങൾ തകർച്ച ഭീഷണിയിലാണ്. പരാതിയെത്തുടർന്ന് അടുത്തിടെ ചില വീടുകൾ ഉന്നതിയിൽ നിർമിച്ചങ്കിലും തേപ്പ്, വൈദ്യുതീകരണം എന്നിവ പൂർത്തിയാവാതെ പാതിവഴിയിൽ നിലച്ചു. കരാർ എടുത്തവരുടെ അനാസ്ഥയാണ് ദുരിതങ്ങൾ ഇരട്ടിയാവൻ കാരണമെന്ന് ഉന്നതിക്കാർ ആരോപിക്കുന്നു.
വായനംകുന്ന് ഉന്നതിയിലെ ശുചിമുറികൾ ഉപയോഗശൂന്യമായ നിലയിൽ
20 സെന്റ് ഭൂമി മാത്രമുള്ള വയനാംകുന്ന് ഉന്നതിയിൽ വീടുകൾ വെക്കാൻ സ്ഥല ലഭ്യത കുറവാണ് മറ്റൊരു പ്രശ്നം. നിലവിൽ കുടുംബങ്ങളുടെ അംഗസംഖ്യ വർധിച്ചതോടെ വീട്ടിൽ താമസിക്കാൻ കഴിയാതെ വലിച്ചുകെട്ടിയ കൂരയില്‍ ജീവിതം തള്ളിനീക്കുകയാണ് ചില കുടുംബങ്ങൾ. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ വീടുകൾ പൊളിച്ചു മാറ്റണമെന്നാണ് ഉന്നതിക്കാർ പറയുന്നത്. ആവശ്യാനുസരണം ശുദ്ധജലം ലഭിക്കാത്തതും പലപ്പോഴും കുടിവെള്ളം നിലക്കുന്നതും തൊട്ടടുത്ത കുടിവെള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ട ഗതിയാണ്.
ശുചിമുറികളുടെ അഭാവം മൂലം പുറമ്പോക്ക് ആശ്രയിക്കേണ്ടി വരുന്നതാണ് ഉന്നതിക്കാരൻ അനുഭവിക്കുന്ന വലിയ വെല്ലുവിളി. 2014-15 വർഷത്തിൽ ലക്ഷങ്ങൾ മുടക്കി പൊതു ശുചിമുറികൾ നിർമിച്ചു നൽകിയെങ്കിലും ഒരു വർഷത്തിനിപ്പുറം ആർക്കും ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. വായനാംകുന്ന് ഉന്നതിയിലെ അടിസ്ഥാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പലർക്കും പരാതി നൽകിയിട്ടും ഫലമില്ലന്ന് ഇവർ പറയുന്നു.