പാടികളിലെ തൊഴിലാളികൾക്ക് ദുരിതം
text_fieldsപൊഴുതന പഞ്ചായത്തിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ശോച്യാവസ്ഥയിലായ എസ്റ്റേറ്റ് പാടികൾ
പൊഴുതന: കാലവർഷം ആദ്യം തന്നെ ശക്തിപ്രാപിച്ചത് വയനാട്ടിലെ എസ്റ്റേറ്റ് പാടികളിൽ ജീവിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാക്കി. തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ കല്ലൂർ, പാറക്കുന്ന്, വേങ്ങാത്തോട്, അച്ചൂർ, കുറിച്ച്യാർമല തുടങ്ങിയ ഡിവിഷനുകളിൽ നൂറുകണക്കിന് തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.
മഴക്കാലത്തിനു മുമ്പ് പാടികളുടെ നവീകരണം മാനേജ്മെന്റുകൾ പൂർത്തിയാക്കാത്തതാണ് തൊഴിലാളികൾ പ്രയാസത്തിലായത്. പൊഴുതന പഞ്ചായത്തിലെ സ്വകാര്യ കമ്പനികളുടെ എസ്റ്റേറ്റ് പാടികൾ മിക്കതും അതീവ ജീർണാവസ്ഥയിലാണ്. ഒരു കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി അടങ്ങുന്ന നാല് ലൈൻ കെട്ടിടമാണ് എസ്റ്റേറ്റ് പാടികൾ.
തോട്ടം തൊഴിലാളികളുടെ കുടിവെള്ളത്തിനായുള്ള കാലഹരണപ്പെട്ട ടാങ്ക്
പൊഴുതനയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ താമസിച്ച പാടികൾ മിക്കതും വർഷങ്ങളായി ശോചനീയാവസ്ഥയിലാണ്. ചോർന്നൊലിക്കുന്ന മുറികളിൽ അറ്റകുറ്റപ്പണികൾ നടത്താനായി തൊഴിലാളികൾ കമ്പനി മാനേജ്മെന്റിന് മുന്നിൽ പരാതി പറഞ്ഞുമടുത്തിരിക്കുകയാണ്.
എന്നാൽ, ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇതിനെത്തുടർന്ന് മിക്ക തൊഴിലാളികളും പാടികൾ ഉപേക്ഷിക്കുന്ന സ്ഥിതിയായി. നിലവിൽ അന്തർ സംസ്ഥാന തൊഴിലാളികളും പാടികളിൽ താമസിക്കുന്നുണ്ട്. പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞും ചോർന്നൊലിച്ചുമുള്ള പാടിയുടെ മുറികളിൽ ചെറിയ കാറ്റിൽ പോലും ഭയത്തോടെയാണ് എല്ലാവരും കഴിഞ്ഞുകുടുന്നത്.
ഇത്തരത്തിലുള്ള ഭൂരിഭാഗം ലയങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ്. 1940 കാലഘട്ടത്തിൽ കല്ലും മണ്ണും ഉപയോഗിച്ചു നിർമിച്ച ഒറ്റമുറി പാടികൾ കാലപ്പഴക്കം മൂലം തകർച്ചയിലാണ്. ഒരെണ്ണം ഇടിഞ്ഞു വീഴുമ്പോൾ അടുത്തതിലേക്ക് മാറി താമസിക്കേണ്ട സ്ഥിതിയാണ് തൊഴിലാളികൾക്ക്.
തുറന്നസ്ഥലത്ത് മേൽക്കൂരയില്ലാത്ത ശൗചാലയങ്ങളാണ് ഇവർ ഇപ്പോഴും ഉപയോഗിക്കുന്നത്. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു ഉപയോഗ ശൂന്യമായ തരത്തിലാണ് ഇവയുള്ളത്. മാസങ്ങൾക്ക് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളിലാണ് കൂടുതൽ കഷ്ടത അനുഭവിക്കുന്നത്. ഇവരെ പാർപ്പിച്ച സ്ഥലങ്ങളിൽ വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്.