ഷാസിയ പൊഴുതനയിലെ കുട്ടികർഷക
text_fieldsപൊഴുതന പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകക്കുള്ള അവാർഡ് ടി. പി. ഷാസിയ നാസ്നിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന ശംസുദ്ദീൻ ൈകമാറുന്നു
പൊഴുതന: പൊഴുതന അച്ചൂരാനം ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ടി.പി. ഷാസിയ നാസ്നിന് കൃഷിയെന്നാൽ നേരമ്പോക്കല്ല. പൊഴുതന ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പ് മികച്ച കുട്ടിക്കർഷകയായി ഈ മിടുക്കിയെ തിരഞ്ഞെടുത്തു. സ്കൂളിൽ വിദ്യാർഥികൾ നടപ്പാക്കിയ കുട്ടികൃഷിയായിരുന്നു ഷാസിയക്ക് പ്രചോദനം.
കൃഷി ചെയ്യാൻ ഒരു തരി മണ്ണും സ്വന്തമായില്ല, പക്ഷേ തന്റെ വാടക റൂമിന്റെ വരാന്തയിൽ ഗ്രോ ബാഗിൽ കൃഷി അവൾ ആരംഭിച്ചു. വിജയമാണെന്ന് കണ്ടപ്പോൾ വ്യാപിപ്പിച്ചു. പയർ, വെണ്ട, ചീര, പച്ചമുളക്, തക്കാളി, റംബുട്ടാൻ, ബറാബ തുടങ്ങിയവ അവളുടെ കൃഷിത്തോട്ടത്തിൽ സുലഭമാണിന്ന്. ക്ലാസ് ടീച്ചർ നിമ റാണിയാണ് പുരസ്കാരത്തിനായി ഷാസിയയെ നിർദേശിച്ചത്.
എല്ലാ കൃഷിയും പൂർണമായും ജൈവരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പൊഴുതന പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന ഷംസുദ്ദീനിൽ നിന്ന് ഷാസിയ നാസ്നിൻ അവാർഡ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.എം. താജുദ്ദീൻ ഷാസിയയെ അനുമോദിച്ചു. പൊഴുതന ദേവർപറമ്പിൽ സൈതലവിയുടെയും നജ്മയുടെയും മകളാണ് ഷാസിയ നാസ്നിൻ.