തെരുവുനായ് ഭീഷണിയിൽ പൊഴുതന
text_fieldsപൊഴുതന ടൗണിലെ തെരുവ് നായ്ക്കൾ
പൊഴുതന: പൊഴുതനയിൽ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം അതിരൂക്ഷമാണ്. പൊഴുതന ബസ് സ്റ്റാൻഡ്, സ്കൂൾ ജങ്ഷൻ ആശുപത്രി തുടങ്ങിയ സ്ഥലങ്ങൾ തെരുവുനയ്ക്കൾ താവളമാക്കിയിരിക്കുന്നത്.
കൂട്ടമായി വരുന്ന തെരുവുനായ്ക്കൾ സ്കൂളുകളിലേക്കും അംഗൻവാടിയിലേക്കും പോകുന്ന കുട്ടികൾക്കും മറ്റു യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. എന്നാൽ, അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്. പല നായ്ക്കളും അക്രമകാരികളാണ്. ഇവയെ ഭയന്ന് റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കുനേരെ നായ്ക്കൾ കുരച്ചു ചാടുന്നത് പതിവാണ്.
രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയേറെയാണ്. പലപ്പോഴും നായ്ക്കൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. റോഡിലും പരിസരപ്രദേശങ്ങളിലുമായി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവാണ്. ഇതിലെ ഭക്ഷണാവശിഷ്ടങ്ങൾ തേടിയാണ് നായ്ക്കളെത്തുന്നത്. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.