പൊഴുതനയിൽ തെരുവുനായ് ശല്യം, നിരവധി പേർക്ക് കടിയേറ്റു
text_fieldsപൊഴുതനയിൽ മൂന്നുവയസ്സുകാരൻ മുഹമ്മദ് മിൻഹാന് തെരുവുനായുടെ കടിയേറ്റപ്പോൾ
പൊഴുതന: പൊഴുതന പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നു. പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ പുലർത്തുന്ന വീഴ്ചക്കെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം രാവിലെ മുത്താരിക്കുന്നു പ്രദേശത്ത് നിരവധിയാളുകൾക്ക് തെരുവുനായുടെ കടിയേറ്റു.
പൊഴുതന ടൗണിൽ വിഹരിക്കുന്ന തെരുവുനായ്ക്കൾ
വീടിന്റെ പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന തച്ചറക്കുന്നൻ ഷമീറിന്റെ മകൻ മൂന്നുവയസ്സുകാരനായ മുഹമ്മദ് മിൻഹാനെയാണ് തെരുവുനായ് ആദ്യം ആക്രമിച്ചത്. മൂത്തേടം വീട്ടിൽ ശ്രുതി (25), പുല്ലിതൊടി മറിയം (45) എന്നിവർക്കും കടിയേറ്റു. കാലിനും ദേഹത്തും കടിയേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീതിയിലാക്കിയ തെരുവുനായ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. തെരുവുനായ് ശല്യം രൂക്ഷമായിട്ട് നിരവധി കാലമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
പൊഴുതനയിൽ കാട്ടുപന്നി ആക്രമണം വർധിക്കുന്നു
പൊഴുതന: പൊഴുതന പഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം വർധിക്കുന്നു. ഞായറാഴ്ച പുലർച്ച കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പൊഴുതന നാണത്ത് വീട്ടിൽ സുലൈമാനാണ് (59) കുത്തേറ്റത്. ആളുകൾ ഓടിക്കൂടിയതിനാൽ വലിയ അപകടം ഒഴിവായി. പൊഴുതനയിൽ കർഷകരുടെ വാഴ, മരച്ചീനി, ചേമ്പ് എന്നീ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമേ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുകയുമാണ്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പാപ്പാല ഭാഗത്തുനിന്ന് ആറാം മൈൽ സ്വദേശിയായ യുവാവിനെ കാട്ടുപന്നികൾ ആക്രമിച്ചിരുന്നു.