പുലി ഭീതിയിൽ കല്ലൂർ എസ്റ്റേറ്റ് ഡിവിഷൻ
text_fieldsപ്രതീകാത്മക ചിത്രം
പൊഴുതന: സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ കാടുകയറുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിവിടം. ജനവാസകേന്ദ്രങ്ങളിലുള്ള തോട്ടങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കാത്തതിനാൽ ജനം ഭീതിയിലാണ്. ഹെക്ടർ കണക്കിന് തേയിലക്കാടുകളിലാണ് ഇത്തരത്തിൽ ഏഴ് അടിയോളം ഉയരത്തിൽ കാടുകൾ വളർന്നത്. കല്ലൂർ നാലാം നമ്പർ ഭാഗങ്ങളിലെ എസ്റ്റേറ്റ് പാടികൾക്കും അംഗൻവാടികൾക്കും സമീപം കാടുമൂടി. ഇവിടം വന്യജീവികൾ ഒളിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്.
കല്ലൂർ എസ്റ്റേറ്റ് പാടികൾക്കും അംഗൻവാടിക്കും സമീപം തേയിലത്തോട്ടത്തിൽ വളർന്ന കാട്
കഴിഞ്ഞ ദിവസങ്ങളിലടക്കം പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഈയടുത്ത് കൂട്ടക്കാവ് അമ്പലത്തിന് സമീപം യുവാക്കൾ പുലിയെ കണ്ടിരുന്നു. ഒരു വർഷം മുമ്പ് കല്ലൂരിൽ പുലിയും കുട്ടികളും ദിവസങ്ങളോളം ഭീതി പരത്തിയിരുന്നു. പ്രദേശത്ത് പന്നി, ആന, കാട്ടി എന്നിവയുടെ ശല്യവും രൂക്ഷമാണ്. ഇഴജന്തുക്കളുടെ ഭീഷണി മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാനും ഭയമാണെന്ന് രക്ഷിതാക്കൾ പറയുന്നു. അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം നൂറോളം കുടുംബങ്ങൾ കല്ലൂർ പ്രദേശത്ത് താമസിക്കുന്നുണ്ട്. കാടുകൾ വെട്ടി വൃത്തിയാക്കുന്നതിന് നിരവധി തവണ മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു.