സ്കൂൾ തുറക്കാൻ രണ്ടാഴ്ച; പ്രളയം കവർന്ന കുറിച്യാർമല സ്കൂൾ നിർമാണം എങ്ങുമെത്തിയില്ല
text_fieldsകാടുകയറിയ കുറിച്യാർമല സ്കൂൾ കെട്ടിടം
പൊഴുതന: കുറിച്യാർമല സ്കൂളിനെ പ്രളയം കവർന്ന് ഏഴാണ്ട് പിന്നിടുമ്പോൾ സ്വന്തമായി ഭൂമി, അതിലൊരു സ്കൂൾ കെട്ടിടം എന്ന പ്രദേശവാസികളുടെ ചിരകാല കാത്തിരിപ്പ് നീളുന്നു. പി.ടി.എ, നാട്ടുകാർ, ജനപ്രതിനിധികൾ എന്നിവരുടെ നിരന്തര ശ്രമഫലങ്ങൾ നടക്കുമ്പോഴും ഏറെ കാലമായി ചുവപ്പ് നാടയിലാണ് കുറിച്യാർമല സ്കൂൾ നിർമാണം. സേട്ട്കുന്ന് എട്ടേക്കർ പ്രദേശത്ത് അര ഏക്കറോളം ഭൂമി സ്ഥലം കണ്ടെത്തിയിട്ടും നിർമാണം സർക്കാറിന്റെ ഉത്തരവിലൊതുങ്ങി. മാസങ്ങൾക്കു മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് സ്കൂളിന്റെ നിർമാണത്തിന് അനുവദിച്ചത്.
2018 ഓഗസ്റ്റ് എട്ടിന് മേൽമുറി എന്ന ഗ്രാമത്തിൽനിന്ന് ഉരുൾപൊട്ടി മണ്ണും വെള്ളവും ഒലിച്ചുപോയതിന്റെ കൂടെ ഓർമയായതാണ് കുറിച്യാർമല എൽ.പി സ്കൂൾ. ചൂരൽമല, പൂത്തുമല ഉരുൾപൊട്ടൽ കഴിഞ്ഞാൽ ജില്ലയിലെ മൂന്നാമത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് അന്ന് ഇവിടെയുണ്ടായത്. ഉരുൾപൊട്ടലിനെതുടർന്ന് മേൽമുറി മദ്റസ കെട്ടിടത്തിലാണ് നിലവിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമയായി സ്കൂൾ കെട്ടിടം തേയിലത്തോട്ടത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്.
2018ലെ പ്രകൃതിദുരന്തത്തെതുടർന്ന് തോട്ടം മേഖലയിലെ നിരവധി കുട്ടികളുടെ ഭാവി കണക്കിലെടുത്തും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരവുമാണ് കുറിച്യാർമലയിലെ സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത മേൽമുറിയിലെ മദ്റസയിലേക്ക് മാറ്റിയത്. സ്കൂളിന്റെ ഭൗതിക സാഹചര്യത്തിന്റെ ഏറെ പരിമിതിയിലാണ് മേൽമുറി മദ്റസയിൽ വിദ്യാർഥികളും അധ്യാപകരും കഴിഞ്ഞുപോകുന്നത്. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കുട്ടികൾക്ക് അന്യമാണ്.
പ്രദേശത്തെ തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും. സ്കൂൾ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ വർഷങ്ങളായി നീണ്ടു പോയി. സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് നിർമാണ അനുമതി ഇതുവരെയും ലഭിച്ചില്ല. അധ്യയനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പുതിയ സ്കൂൾ നിർമിക്കാൻ അനുമതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാർഥികളും നാട്ടുകാരും.