ചീരാലിലും നമ്പ്യാർകുന്നിലും പുലി സാന്നിധ്യം; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ
text_fieldsസുൽത്താൻ ബത്തേരി: രണ്ടുമാസത്തിലേറെയായി പുലി സന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട് ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങൾ. പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ കവലകൾ വൈകീട്ട് അഞ്ചോടെ വിജനമാകുന്നു. പരാതി പറഞ്ഞു മടുത്ത നാട്ടുകാർ സമരത്തിനുള്ള ഒരുക്കത്തിലാണ്.
നമ്പ്യാർകുന്ന്, പൂളക്കുണ്ട്, നല്ലൂർ, ചെറുമാട്, ചീരാൽ, പഴൂർ, നൂൽപ്പുഴ, മുണ്ടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ആശങ്കയിലായത്. ഒരു ഡസനിലേറെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു. അപ്പോഴെല്ലാം വനം വകുപ്പ് സ്ഥലത്തെത്തുകയും നാട്ടുകാരെ സമാധാനിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം സമയബന്ധിതമായി കിട്ടുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ചീരാൽ ടൗണിനോടുചേർന്ന പ്രദേശങ്ങളിൽ പുലിയെത്തുമ്പോൾ നാട്ടുകാർ പഴൂരുള്ള തോട്ടാമൂല ഫോറസ്റ്റ് ഓഫിസുമായാണ് ബന്ധപ്പെടാറുള്ളത്. എന്നാൽ, മേപ്പാടി ഫോറസ്റ്റ് ഓഫിസ് പരിധിയിലാണ് ചീരാലെന്ന മറുപടിയാണ് കിട്ടാറുള്ളത്. മേപ്പാടിയിൽനിന്ന് വനം ഉദ്യോഗസ്ഥർക്ക് ചീരാലിലെത്തണമെങ്കിൽ ഒരു മണിക്കൂറിലേറെ യാത്ര ചെയ്യണം. അവിടെനിന്ന് ഫോറസ്റ്റ് അധികാരികൾ ചീരാലിലെത്തുമ്പോഴേക്കും ആക്രമണം നടത്തിയ വന്യമൃഗം പോവുകയും ചെയ്യും.
പഴൂർ, മുണ്ടക്കൊല്ലി ഭാഗത്തുകൂടിയാണ് വന്യമൃഗം ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങുന്നത്. ബത്തേരി-ഊട്ടി റോഡിന്റെ ഒരു ഭാഗം പഴൂർ മുതൽ വനമാണ്. ഇത് പാട്ടവയൽ വരെ നീളും. പഴൂർ മുതൽ നൂൽപ്പുഴ ഭാഗത്തേക്ക് തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ വന്യമൃഗങ്ങൾ റോഡിൽ എത്തുന്നത് കാണാനെങ്കിലും സാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പഴൂർ കവല, ആശാരിപ്പടി, ചീരാൽ എന്നിവിടങ്ങളിലൊന്നും ഇപ്പോൾ തെരുവുവിളക്കുകൾ തെളിയാത്ത സ്ഥിതിയാണ്.
ചീരാൽ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും കാര്യമില്ല. ഇക്കാര്യം നാട്ടുകാർ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നമ്പ്യാർകുന്ന്, വെള്ളച്ചാൽ എന്നിവിടങ്ങളിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പുലി കൂടിനടുത്തേക്ക് അടുക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, മാറ്റിടങ്ങളിൽ എത്തുന്നുമുണ്ട്. പുലി വീടുകൾക്കകത്തേക്ക് കയറാൻ സാധ്യതയുണ്ടെന്നും ചീരാൽ, നമ്പ്യാർകുന്ന് പ്രദേശവാസികൾ പറയുന്നു.
നമ്പ്യാർകുന്ന് നരിക്കുനി പറമ്പിൽ ഷാജിയുടെ വീടിനോടുചേർന്ന കാർപോർച്ചിൽ ശനിയാഴ്ച രാവിലെ പുലിയെത്തി. നമ്പ്യാർകുന്ന് തമിഴ്നാട് അതിർത്തി പ്രദേശമാണ്. അതിനാൽ പുലിയെ പിടിക്കാൻ കേരള, തമിഴ്നാട് വനംവകുപ്പ് സംയുക്ത തിരച്ചിൽ നടത്തണം. നമ്പ്യാർകുന്ന്-ബത്തേരി റോഡിൽ കഴിഞ്ഞദിവസം പലതവണ പുലിയെത്തിയിരുന്നു.
പുലിശല്യം ഒഴിവാക്കാൻ നടപടി വേണമെന്ന് നാട്ടുകാരുടെ കൂട്ടായ്മ
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിലെ പുലിശല്യം ഒഴിവാക്കാൻ അധികൃതർ തയാറാകണമെന്ന് ചീരാൽ, പഴൂർ പ്രദേശങ്ങളിലെ നാട്ടുകാരുടെ കൂട്ടായ്മ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃഷിക്കാർ, മറ്റ് ജോലിക്ക് പോകുന്നവർ, വിദ്യാർഥികൾ എന്നിവരൊക്കെ പുലിപ്പേടി കാരണം പ്രയാസത്തിലാണ്. പുലിയെ പിന്തുടർന്ന് പിടികൂടുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്.
അതിന് വനംവകുപ്പ് തയാറാവുന്നുമില്ല. ഈ സാഹചര്യത്തിൽ വേണ്ടിവന്നാൽ ശക്തമായ സമരം നടത്തുമെന്നും നാട്ടുകാർ അറിയിച്ചു. ഫാ. ജോസ് മേച്ചേരിയിൽ, ജുനൈസ് സഖാഫി, കെ.ടി. ഹരീന്ദ്രൻ, എം.കെ. ലത്തീഫ്, ജോണി മൂഞ്ഞനാട്ടിൽ, കെ.പി. സനിൽ ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വീടിനുനേരെ കാട്ടാന ആക്രമണം
മാനന്തവാടി: തൃശ്ശിലേരി മുത്തുമാരിയില്‍ വീടിനുനേരെ കാട്ടാന ആക്രമണം. മുത്തുമാരി ചാരോലിൽ സരോജിനിയുടെ വീടിന്റെ മേല്‍ക്കൂരക്ക് കേടുപാടുകള്‍ വരുത്തി. റോഡിലൂടെപോയ ആനയാണ് ആക്രമണം നടത്തിയത്. ഇതിനുമുമ്പും കാട്ടാന ഈ വീട് ആക്രമിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ച രണ്ടിനാണ് സംഭവം. പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് ആനകള്‍ ഇറങ്ങിയതായും വ്യാപക കൃഷിനാശം വരുത്തിയതായും നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് വാച്ചര്‍മാര്‍ ഏറെ പരിശ്രമിച്ച് രാവിലെ ആറോടെയാണ് ആനകളെ തുരത്തിയത്.